കോട്ടയം: ഈരയിൽക്കടവ്-മണിപ്പുഴ അതിവേഗ ഇടനാഴി റോഡിൽ നിന്ന് കോടിമത നാലുവരി പാതയിലേക്കുള്ള ലിങ്ക് റോഡ് വഴിയാത്രചെയ്യുന്ന ഗർഭിണികളെയും ഹൃദ്രോഗികളെയും ആശുപത്രിയിൽ അടിയന്തിര ചികിത്സയ്ക്കായി പ്രവേശിപ്പിക്കേണ്ടി വരും. കുണ്ടും കുഴിയുമായി കാൽനട യാത്ര പോലും ബുദ്ധിമുട്ടാക്കും വിധം റോഡ് പൂർണമായി തകർന്നിരിക്കുകയാണ്.
പ്രളയദുരിതാശ്വാസ ഫണ്ടും എം.എൽ.എ ഫണ്ടും ഉപയോഗപ്പെടുത്തി 2008 നു മുമ്പ് ഇരുവശവും കല്ലുകെട്ടി എം.സി.റോഡു മുതൽ മാദ്ധ്യമ പ്രവർത്തകർ താമസിക്കുന്ന ജേർണലിസ്റ്റ് കോളനിവരെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. മുപ്പായിക്കാട് പാടം നികത്തി പുതിയ അതിവേഗ ഇടനാഴി പണിയാൻ മണലും മെറ്റലുമായി ടോറസു വണ്ടികൾ നിരവധി തവണ ഓടിയതോടെ റോഡ് താഴ്ന്നും തകർന്നും തരിപ്പണമായി. എം സി റോഡിൽ ഗതാഗതകുരുക്ക് വരുമ്പോൾ ബസ് ഉൾപ്പടെ ഇതുവഴി തിരിഞ്ഞു പോകാറുണ്ട്. അതിവേഗ ഇടനാഴി പൂർത്തിയാമ്പോൾ ഈ റോഡും നന്നാക്കാം എന്ന വാഗ്ദാനം ഉത്തരവാദപ്പെട്ടവർ മറന്നു. നഗരസഭയാണ് റോഡ് നന്നാക്കേണ്ടതെന്ന് എം.എൽ.എ പറയുന്നു. നഗരസഭയുടെ 44-ാം വാർഡിൽപ്പെട്ട റോഡിന്റെ മദ്ധ്യഭാഗം 280 മീറ്ററോളം 2019 മാർച്ച് 31ന് തൊട്ടു മുൻപ് മണ്ണിട്ട് ഉയർത്താതെ മുനിസിപ്പാലിറ്റി തിരക്കിട്ട് ടാർ ചെയ്തെങ്കിലും എം.സി റോഡിൽ നിന്ന് കിഴക്കോട്ട് തുടങ്ങുന്ന 200 മീറ്ററും അതിവേഗ ഇടനാഴിയിൽ നിന്ന് തുടങ്ങുന്ന 200 മീറ്ററും നന്നാക്കിയില്ല. ഇതിനായി നഗരസഭ നീക്കി വച്ച ഫണ്ട് തൊഴിലുറപ്പ് പദ്ധതിക്കായി വകമാറ്റിയെന്നാണ് പറയുന്നത്. . നഗരസഭാ ഓൺ ഫണ്ടിൽ നിന്നും പണം മുടക്കി റോഡ് ഉയർത്തി ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗൺസിലിന് പരാതി നൽകി കാത്തിരിക്കുകയാണ് തദ്ദേശവാസികൾ.