vilakkumadom

വൈക്കം : തോണിക്കാരനും അവന്റെ പാട്ടും എങ്ങോ പോയ് മറഞ്ഞു. പിന്നെ ആർക്ക് വേണ്ടി കാത്തിരിക്കണം. വിളക്കുമരം കണ്ണടച്ചു.

തിരുമണി വെങ്കിടപുരത്തിന് സമീപം വേമ്പനാട്ട് കായലിലൊരു വിളക്കുമാടത്തുരുത്തുണ്ട്. പഴയൊരു വിളക്കുമാടവും. ടി.വി.പുരത്തിന്റേയും വൈക്കത്തിന്റെയും ഗതകാല പ്രതാപത്തിന്റെ ഓർമ്മക്കുറിപ്പാണ് വിളക്കെരിയാത്ത ഈ വിളക്കുമാടം. പണ്ട് രാജഭരണകാലത്ത് ഇതുവഴി വേമ്പനാട്ടുകായലിലൂടെ കൊച്ചി, ആലപ്പുഴ, കോട്ടയം എന്നീ വ്യാപാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ധാരാളം ചരക്ക് വഞ്ചികളും യാത്രായാനങ്ങളും കടന്നുപോയിരുന്നു. ടി.വി.പുരത്തെ ബോട്ട് ജെട്ടിയും സജീവമായിരുന്നു. ലോകപ്രശസ്തമായ വൈക്കം കയറിന്റെ പ്രധാന ഉത്പാദന കേന്ദ്രമായ ടി.വി പുരത്തേക്കായി കേവ് വള്ളങ്ങൾ പതിവായെത്തിയിരുന്നു. ജലായനങ്ങൾക്ക് രാത്രികാലങ്ങളിൽ വഴികാട്ടാനാണ് അന്ന് വിളക്ക് മരം സ്ഥാപിച്ചത്. വിളക്കുമാടതുരുത്തിൽ വഞ്ചിക്കാർ വിശ്രമിച്ചിരുന്നു. ദേശീയ ജലപാതയ്ക്ക് സമീപമാണ് വിളക്കുമാടതുരുത്ത്. അതിപുരാതനമായ ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രവും അടുത്താണ്.

ജലവിഭവവകുപ്പിന്റെ ഉടമസ്ഥതയിലുള്ള തുരുത്തിന് 12 സെന്റാണ് വിസ്തീർണ്ണം. തോണിക്കാർക്ക് വിശ്രമിക്കാനായി ഒറ്റമുറി കെട്ടിടവും തേക്ക് തൂണിലുള്ള വിളക്ക് മരവുമുണ്ടായിരുന്നു. വിളക്ക് മരത്തിൽ എന്നും സന്ധ്യക്ക് എണ്ണയൊഴിച്ച് തിരിതെളിക്കുന്നത് സർക്കാർ നിയോഗിച്ച ജീവനക്കാരനായിരുന്നു. ഇന്ന് അതെല്ലാം ഓർമ്മകൾ മാത്രമായി. വിളക്കുമരത്തിന്റേയും കെട്ടിടത്തിന്റേയും അവശിഷ്ടങ്ങൾ ഇപ്പോഴും കായലിൽ കാണാം.

ടൂറിസം സാദ്ധ്യതകൾ

വിനോദസഞ്ചാര മേഖലയിലേക്കാണ് ഭാവി വികസനത്തിനായി വൈക്കം ഉറ്റുനോക്കുന്നത്. കേരളത്തിൽ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായ പെപ്പർ നടപ്പാക്കുന്നതിനായി വൈക്കത്തെ തിരഞ്ഞെടുത്തത് വികസന സ്വപ്നങ്ങൾക്ക് നിറംപകർന്നിട്ടുണ്ട്. ടി.വി.പുരത്തെ വിളക്കുമാടം പുനർനിർമ്മിച്ചാൽ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് വിലയിരുത്തൽ. വർഷങ്ങൾക്ക് മുൻപ് തുരുത്തിന്റെ പുനരുദ്ധാരണത്തിന് ജലസേചനവകുപ്പ് 35 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയെങ്കിലും എങ്ങുമെത്തിയില്ല. നടപ്പായില്ല ഒന്നും.

''

വൈക്കത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ ടി.വി പുരത്തെ വിളക്കുമാടത്തിന് വലിയ സംഭാവന നൽകാൻ കഴിയും. ദേശീയ ജലപാതയുടെയും ശ്രീരാമസ്വാമി ക്ഷേത്രത്തിന്റേയും സാമീപ്യവും വിളക്കുമാടതുരുത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥലമായതിനാൽ പഞ്ചായത്തിന് നേരിട്ട് ഒന്നും ചെയ്യാനാവില്ല. പരിമിതികൾക്കുള്ളിൽ നിന്ന് വിളക്കുമാടതുരുത്തിന്റെ വികസനത്തിന് കഴിയുന്നതെല്ലാം ചെയ്യും.

സെബാസ്റ്റ്യൻ ആന്റണി(ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)