കോട്ടയം : ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ, ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ!, ശ്രീരാമ! രാമ! രാമ! സീതാഭിരാമ! ജയ, ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ...' കർക്കടകം പിറന്നു. ഇനിയുള്ള ഒരു മാസം തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽനിന്നുള്ള രാമകഥാശീലുകൾ ഉയരും. രാമായണം ഇ ബുക്കും ഓഡിയോബുക്കും കടന്ന് ആൻഡ്രോയ്ഡ് മൊബൈലിലും കേൾക്കാം. ശ്രുതിമധുരമായി വായിക്കുന്നത് കേൾക്കാം, സ്വയം പാരായണം ചെയ്യാം. രാമായണ ചിത്രങ്ങളും കാണാം.

പ്ളേസ്റ്റോറിൽ 'രാമായണപാരായണം" എന്ന് ടെെപ്പ് ചെയ്താൽ എഴുത്തച്ഛന്റെ ചിത്രമുളള ആപ്പ് ഡൗൺലോഡ് ചെയ്യാം. കാണ്ഡം തിരിച്ച് രാമായണം വായിക്കുന്നതിന്നുള്ള സംവിധാനവുമുണ്ട്. 16 ജി.ബിയുളള ആപ്പ്, തൃശൂർ വിദ്യ എൻജിനിയറിംഗ് കോളേജിലെ എം.സി.എ വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ഒരു വർഷം കൊണ്ട് തയ്യാറാക്കിയത്. യൂട്യൂബ് വീഡിയോയിലേക്കും, രാമായണ ആനിമേഷൻ (ഹിന്ദി ) വീഡിയോയിലേക്കുള്ള ലിങ്കുകളുമുണ്ട്.

ഓൺലൈനിലെത്തും രാമായണം

രാമായണം വാങ്ങാൻ ഇനി പുസ്തക ശാലകളിൽ പോകേണ്ട. ആമസോൺ വീട്ടിൽ എത്തിക്കും. 360 രൂപ വിലയുള്ള എഴുത്തച്ഛന്റെ 'അദ്ധ്യാത്മരാമായണം' 60 ശതമാനം ഡിസ്ക്കൗണ്ട് കഴിഞ്ഞ് 144 രൂപയാണ്. രാമായണമടക്കം പുരാണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത് ആലപ്പുഴ വിദ്യാരംഭം പ്രസായിരുന്നു. ഡിമാൻഡ് കണക്കിലെടുത്ത് മറ്റു പ്രസാധകരും രാമായണത്തിലേക്ക് തിരിഞ്ഞു. വലിപ്പമുള്ള അക്ഷരങ്ങളും ലളിത വ്യാഖ്യാനങ്ങളുമൊക്കെയായിട്ട് രാമായണ വിപണിയിൽ കടുത്ത മത്സരമാണിപ്പോൾ. എൻ.ബി.എസ്,ഡി.സി ബുക്സ് തുടങ്ങിയ സ്വകാര്യ പ്രസാധകർക്കും ദേവസ്വം ബോർഡിനും പുറമെ ഈ വർഷം എൻ.എസ്.എസും അദ്ധ്യാത്മരാമായണം പുറത്തിറക്കി.

റേഡിയോയിലും കേൾക്കാം

മലയാളിയെ രാമായണ വായനയിലേക്ക് കൂട്ടിക്കൊണ്ടു പോയതിൽ ആകാശവാണിക്ക് വലിയ പങ്കുണ്ട്. ഇനി ഒരു മാസക്കാലം പുലർച്ചെ റേഡിയോയിൽ രാമായണവായന കേൾക്കാം. കാവാലം ശ്രീകുമാറിന്റെ ശബ്ദം ഏറെ ശ്രദ്ധേയമായതും രാമായണ വായനയിലൂടെയായിരുന്നു. സംഗീതസംവിധായകൻ എം.ജയചന്ദ്രനും ആകാശവാണിയിൽ രാമായണം വായിച്ചിരുന്നു. ദൂരദർശനാണ് ചാനലുകളിൽ ആദ്യം രാമായണ വായന തുടങ്ങിയത്.

ക്ഷേത്രങ്ങൾ ഇന്ന് തുറക്കുന്നത് വൈകും

ചന്ദ്രഗ്രഹണം ഇന്ന് പുലർച്ച 1.30 മുതൽ നാലര വരെ നീളുന്നതിനാൽ കർക്കടകം ഒന്നായ ഇന്ന് ക്ഷേത്രങ്ങളിൽ നിർമ്മാല്യം വൈകും. ചന്ദ്രഗ്രഹണം അവസാനിച്ച് നാലരമണിക്ക് ശേഷമെ ക്ഷേത്രങ്ങൾ തുറക്കൂ. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ മാത്രം ഗ്രഹണം ബാധകമല്ലാത്തതിനാൽ പതിവുപോലെ പുലർച്ചെ നട തുറക്കും.

''

അദ്ധ്യാത്മരാമായണത്തിന് നല്ല വില്പനയുണ്ട്. കർക്കടകത്തിൽ പ്രായമായവർക്ക് ഗിഫ്റ്റായി നൽകാൻ പലരും വാങ്ങുന്നുണ്ട്. രാമായണം ഇ ബുക്കും ഓഡിയോ ബുക്കും പുറത്തിറങ്ങിയെങ്കിലും പുസ്തക വില്പനയെ ബാധിച്ചിട്ടില്ല.

എ.വി ശ്രീകുമാർ,(പബ്ലിക്കേഷൻ മാനേജർ ഡി.സി ബുക്ക്സ് )

.