കോട്ടയം: നഗരത്തിലെ വിവിധ പ്രശ്നങ്ങളുന്നയിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങി പ്രതിപക്ഷം. നഗരത്തിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ഇന്ന് നഗരസഭാ ഓഫീസിലേയ്ക്ക് നടത്തുന്ന മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
മാലിന്യം, അഴിമതി, അറവുശാല, വനിതാ വിശ്രമ കേന്ദ്രം തുടങ്ങി 14 പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം.നഗരഭരണം നൂറ് ശതമാനവും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം പറയുന്നു. മാലിന്യം സംസ്‌ക്കരിക്കാനുള്ള സൗകര്യം നഗരസഭയിലില്ല. ശേഖരിക്കുന്ന മാലിന്യം മൈതാനിയിലോ, മറ്റു സ്ഥലങ്ങളിലോ കുഴിച്ചുമൂടുന്നു. നഗരസഭയ്ക്ക് സ്വന്തമായുണ്ടായിരുന്ന വടവാതൂർ ഡമ്പിംഗ് യാർഡിലെ മാലിന്യ സംസ്‌കരണകേന്ദ്രം15 വർഷം മുൻപ് വിജയപുരം പഞ്ചായത്ത് അടച്ചുപൂട്ടി. ഇതുവരേയും ഒരു ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. തുമ്പൂർമുഴി മോഡൽ മാലിന്യസംസ്‌ക്കരണം ആരംഭിച്ചെങ്കിലും വിജയിച്ചില്ല. ആധുനിക സംസ്‌ക്കരണത്തിനായി ഒരു പ്രോജക്ട് പോലും തയ്യാറാക്കിയിട്ടില്ല. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ച് 2000ൽ അധികം ആളുകളിൽ നിന്നും പണം വാങ്ങിയെങ്കിലും നൽകാൻ കഴിഞ്ഞില്ല. ഹോട്ടലുകളും ആഹാരവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളും കൃത്യമായി പരിശോധിക്കുന്നില്ല. ജനസംഖ്യാനുപാതികമായി വികസനഫണ്ട് അനുവദിക്കുന്നില്ല. ഭരണപക്ഷത്തിന് 50 ലക്ഷത്തിലേറെ തുക അനുവദിയ്ക്കുമ്പോൾ പ്രതിപക്ഷത്തിന് 13 മുതൽ 16 ലക്ഷം വരെയാണ് അനുവദിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
സി.പി.എം ഏരിയാ സെക്രട്ടറി ശശികുമാർ, പ്രതിപക്ഷ നേതാവ് സി.എൻ.സത്യനേശൻ, കൗൺസിലർമാരായ ഷീജ അനിൽ, വി.വി.ഷൈല, അരുൺ ഷാജി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. നഗരഭരണം തുടങ്ങിയപ്പോൾ മുതൽ പ്രശ്നങ്ങളായിരുന്നെങ്കിലും അന്നൊന്നും ചെറുവിരൽ അനക്കാതിരുന്ന പ്രതിപക്ഷം ഇപ്പോൾ സമരവുമായി ഇറങ്ങുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന ആക്ഷേപവും ശക്തമാണ്