കോട്ടയം: ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും ജൈവ, അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും ഓരോ മുനിസിപ്പാലിറ്റിയിലും കുറഞ്ഞത് പത്ത് സ്ഥലങ്ങളിലെങ്കിലും മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും ജില്ലാ കളക്ടർ പി. കെ സുധീർ ബാബു നിർദ്ദേശിച്ചു. മുനിസിപ്പാലിറ്റിയിലെ വാർഡുകളിൽ ബോട്ടിൽ ബൂത്തുകൾ ഒരുക്കണം.

ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ എല്ലാ വീടുകളിൽനിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കണം. ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഇല്ലാത്ത വീടുകൾക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇവ ലഭ്യമാക്കണം. അഞ്ച് സെന്റിൽ കൂടുതൽ സ്ഥലമുള്ളവർക്ക് അയ്യങ്കാളി പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പോസ്റ്റ് പിറ്റുകൾ നിർമ്മിച്ചു നൽകണം.

പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകൾ അടിയന്തരമായി പ്രവർത്തനസജ്ജമാക്കണം. ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുയോ വലിച്ചെറിയുയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. സ്‌പോട്ട് ഫൈനിംഗും രാത്രികാല സ്‌ക്വാഡ് പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തണം.

മാലിന്യം ഉത്പ്പാദിപ്പിക്കുന്നവരിൽ നിന്നും മുനിസിപ്പാലിറ്റി നിശ്ചിയിക്കുന്ന യൂസർ ഫീസ് ഹരിതകർമ്മസേന മുഖേനയോ ഉദ്യോഗസ്ഥർ മുഖേനയോ ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കണം. കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്നവർ സ്വന്തം നിലയിൽ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയോ മുനിസിപ്പാലിറ്റിയുടെ പൊതു മാലിന്യ സംസ്‌കരണ സംവിധാനങ്ങളിൽ പണം നൽകി പങ്കാളികളാവുകയോ വേണം.

കെട്ടിട നിർമ്മാണാവശിഷ്ടങ്ങൾ ശേഖരിക്കുന്നതിന് പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തണമെന്നും കളക്ടർ മുനിസിപ്പാലിറ്റികൾക്ക് നിർദേശം നൽകി.