nalamabala-darshanam

സന്തോഷ് ശർമ്മ

തലയോലപ്പറമ്പ് :കർക്കടക പുലരിയിൽ നാലമ്പല ദർശനം ഇന്ന് ആരംഭിക്കും. ദർശനത്തിനെത്തുന്ന ഭക്തർക്കായി ദാശരഥീ ക്ഷേത്രങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയായി. മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രം, മേമ്മുറി ശ്രീഭരതസ്വാമി ക്ഷേത്രം, മുളക്കുളം ശ്രീലക്ഷ്മണസ്വാമിക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവയെ കോർത്തിണക്കിയാണ് നാലമ്പല തീർത്ഥാടനം നടക്കുന്നത്. കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്ക് മുമ്പ് നാലിടത്തും ദർശനം നടത്തുന്നതാണ് പാരമ്പര്യ രീതി. എന്നാൽ സൗകര്യമനുസരിച്ച് ഇപ്പോൾ വൈകീട്ടും ഭക്തർ നാലമ്പലം തൊഴാനെത്തുന്നുണ്ട്. മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം മാത്രമാണ് കോട്ടയം ജില്ലയുടെ പരിധിയിൽ വരുന്നത്. മ​റ്റ് മൂന്ന് ക്ഷേത്രങ്ങളും എറണാകുളം ജില്ലയിലെ പിറവത്താണെങ്കിലും നാലമ്പലം ദർശനം സംഘടിപ്പിക്കുന്നത് ഒരുമിച്ചാണ്. നാലമ്പല ദർശനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി എറണാകുളം ജില്ലാ നാലമ്പല ദർശന സമിതി ഭാരവാഹികളായ പി.പി.സുരേഷ്‌കുമാർ, ജി. രഘുനാഥ്,മോഹനൻ ഇടപ്പാട്ടിൽ എന്നിവർ അറിയിച്ചു.

മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രം

നാലമ്പല ദർശനത്തിനെത്തുന്നവർ ആദ്യമെത്തേണ്ടത് മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രത്തിലാണ്. ദാശരഥികളെ അവരുടെ മൂപ്പുമുറയനുസരിച്ച് തന്നെ ദർശനം നടത്തണമെന്നതിനാലാണിത്. രാമമംഗലത്ത് നിന്നും നാല് കിലോമീ​റ്റർ തെക്ക് മാറി മുവാ​റ്റുപുഴയാറിന്റെ തീരത്താണ് പുരാതനമായ ശ്രീരാമസ്വാമി ക്ഷേത്രം. പുലർച്ച നാലിന് നടതുറക്കും മഴയും വെയിലുമേൽക്കാതെ ക്യൂ നിൽക്കാൻ ക്ഷേത്രത്തിന്റെ മതിലിനകത്ത് പൂർണ്ണമായി പന്തലിട്ടിട്ടുണ്ട്. ഭക്തർക്ക് ക്ഷേത്രത്തിൽ സൗജന്യമായി കഞ്ഞി വിതരണംചെയ്യും. പ്രാഥമീകാവശ്യങ്ങൾക്കുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. അവധി ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി എറണാകുളത്ത് നിന്നും പ്രത്യേക സർവീസും നടത്തും.

മേമ്മുറി ഭരതസ്വാമി ക്ഷേത്രം

നാലമ്പല ദർശന പഥത്തിലെ രണ്ടാമത്തെ ക്ഷേത്രം പാമ്പാക്കുട പഞ്ചായത്തിലെ മേമ്മുറിയിലാണ്. രാമമംഗലത്തിന്റെ കിഴക്കേ അതിർത്തിയിലാണ് മേമ്മുറിയിലെ പുരാതനമായ ക്ഷേത്രം. മാമ്മലശ്ശേരിയിൽ നിന്നും അഞ്ച് കിലോമീ​റ്റർ ദൂരമുണ്ട് പുലർച്ചെ നാലരയ്ക്ക് നട തുറക്കും. ഉച്ചവരെ ദർശനമുണ്ടാകും. വൈകീട്ടും ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം

മുളക്കുളത്ത് തിരുവിതാകൂർ ദേവസ്വം ബോർഡിന് കീഴിൽ ഒരുക്കം നാലമ്പല പഥത്തിലെ മൂന്നാമത്തെ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രമാണ്. ലക്ഷ്മണ പ്രതിഷ്ഠയുളള ക്ഷേത്രങ്ങൾ അപൂർവ്വമാണ്. മഴയും വെയിലുമേൽക്കാതെ ഭക്തർക്ക് ക്യൂ നിൽക്കാൻ വിപുലമായ പന്തൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പുലർച്ചേ അഞ്ചിന് നട തുറക്കും. ഉച്ചയ്ക്ക് ഒരു മണി വരെ ദർശനത്തിന് സൗകര്യമുണ്ട്. വൈകിട്ട് അഞ്ച് മുതൽ രാത്രി എട്ട് വരെയും ക്ഷേത്രത്തിൽ ദർശനം നടത്താം. ദർശനത്തിനെത്തുന്ന ഭക്തർക്ക് ക്ഷേത്രത്തിൽ നിന്നും കഞ്ഞി വിതരണം ചെയ്യും.

ശത്രുഘ്‌ന സ്വാമി ക്ഷേത്രം

നാലമ്പല ദർശന പഥത്തിലെ നാലമത്തെ ക്ഷേത്രമായ ശത്രുഘ്‌ന സ്വാമി ക്ഷേത്രവും മാമ്മലശ്ശേരിയിലാണ്. ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീ​റ്റർ കിഴക്കുമാറിയാണ് നെടുങ്ങാട്ടമ്പലം. പുലർച്ചേ നാലരയ്ക്ക് നട തുറക്കും. തീർത്ഥാടനത്തിനുപോയ അവസാന സംഘവും തിരിച്ചെത്തിയതിനു ശേഷമെ ഉച്ചയ്ക്കും രാത്രിയിലും നടയടക്കുകയുള്ളു. തീർത്ഥയാത്രയുടെ ഒടുക്കവും മാമ്മലശ്ശേരിയിൽ തന്നെ.

രാമായണ മാസാചരണത്തിന്റെയും നാലമ്പല തിർത്ഥാടനത്തിന്റെയും ഉദ്ഘാടനം ഇന്നലെ മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ നടന്നു. വൈകീട്ട് 5ന് നടന്ന ചടങ്ങിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.എസ്.രാധാകൃഷ്ണൻ ഇക്കൊല്ലത്തെ തീർത്ഥാടനം ഉദ്ഘാടനം ചെയ്തു. പിറവം എം. എൽ. എ അനൂപ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്റി മനയത്താ​റ്റ് മന അനിൽ ദിവാകരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ ക്ഷേത്രം ഭാരവാഹികൾ ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.