പാലാ: മുനിസിപ്പൽ സ്റ്റേഡിയത്തിലെ ചെറിയാൻ. ജെ. കാപ്പൻ സ്മാരക കവാടം തുറക്കുന്ന വിഷയം കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്താത്തതിനെ ചൊല്ലി ഇന്നലെ ചേർന്ന നഗരസഭാ യോഗത്തിൽ ബഹളം. ബി.ജെ.പി പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടമാണ് ഈ വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. കവാടം തുറക്കുന്നത് സംബന്ധിച്ച് അടുത്ത കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്ന് കഴിഞ്ഞ സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ ചെയർപേഴ്‌സൺ ബിജി ജോജോ ഉറപ്പുകൊടുത്തിരുന്നു. എന്നാൽ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലെ അജണ്ടയിൽ ഈ വിഷയം ഉൾപ്പെടുത്താതിരുന്നതിനെ അഡ്വ. ബിനു ചോദ്യം ചെയ്തു.

സ്വാതന്ത്ര്യ സമര സേനാനിയും, മുൻ എം.പി. യും നഗരസഭാ ചെയർമാനുമായിരുന്ന ചെറിയാൻ. ജെ. കാപ്പനെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന ബിനുവിന്റെ അഭിപ്രായത്തോട് ഭരണപക്ഷത്തെ പ്രൊഫ. സതീഷ് ചൊള്ളാനി , ടോണി തോട്ടം, പ്രതിപക്ഷത്തെ റോയി ഫ്രാൻസീസ്, പ്രസാദ് പെരുമ്പള്ളിൽ എന്നിവർ അനുകൂലിച്ചു. കവാടം എത്രയും വേഗം തുറന്നു കൊടുക്കണമെന്നും ചെറിയാൻ ജെ. കാപ്പന്റെ സ്മരണ നിലനിറുത്തണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇതിനായി അടിയന്തിര കൗൺസിൽ യോഗം വിളിക്കണമെന്നും ആവശ്യമുയർന്നു.

സ്‌റ്റേഡിയത്തിലെ മറ്റു ചില കാര്യങ്ങൾക്കു കൂടി തീരുമാനം എടുക്കാനുള്ളതിനാലാണ് അജണ്ടയിൽ സ്റ്റേഡിയ കവാടം വിഷയം ഉൾപ്പെടുത്താത്തതെന്നും അടുത്ത കൗൺസിൽ യോഗത്തിൽ ഉറപ്പായും ഈ വിഷയം ഉൾപ്പെടുത്തുമെന്നും ചെയർപേഴ്‌സൺ മറുപടി നൽകിയതോടെയാണ് ബഹളമൊതുങ്ങിയത്.

കൗൺസിൽ ഹാളിൽ മഹാത്മാഗാന്ധിയുടെ ചിത്രമിരിക്കുന്ന നിരയിൽ തന്നെ കെ.എം. മാണിയുടെ ചിത്രം വച്ചതിനെതിരെയും ചില കൗൺസിലർമാർ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചു. കൗൺസിൽ തീരുമാനമില്ലാതെ ഗാന്ധിജിയുടെ ചിത്രം സ്ഥാപിച്ച നിരയിൽ കെ.എം.മാണിയുടെ ചിത്രം വച്ചത് ശരിയായില്ലെന്ന് സി.പി.എം. പ്രതിനിധികളായ റോയ് ഫ്രാൻസീസ്, ജിജി ജോണി, ബി.ജെ.പി അംഗം അഡ്വ. ബിനു പുളിക്കക്കണ്ടം എന്നിവർ പറഞ്ഞു.
സെന്റ് തോമസ് പ്രസ്സ് റോഡിൽ ഉള്ള കാലപ്പഴക്കം ചെന്ന ഒരു കെട്ടിടം അപകടസ്ഥിതിയിലാണെന്നും ഇത് എത്രയും വേഗം പൊളിച്ചു നീക്കണമെന്നും ഭരണപക്ഷ കൗൺസിലർ പി.കെ.മധു ആവശ്യപ്പെട്ടു. ചർച്ചകളിൽ ബിജു പാലൂപ്പടവിൽ, അഡ്വ. ബെറ്റി ഷാജു, ജോബി വെള്ളാപ്പാണി, ജോർജ് കുട്ടി ചെറുവള്ളിൽ , ജിജി ജോണി, ടോണി തോട്ടം തുടങ്ങിയവർ പങ്കെടുത്തു.