കോട്ടയം : പ്രളയത്തിൽ കൃഷിനാശം നേരിട്ട വനിതാസംഘങ്ങളെ കൃഷിയിൽ സജീവമാക്കുന്നതിന് കുടുംബശ്രീ നടപ്പാക്കുന്ന സമൃദ്ധി കാമ്പയിന്റെ ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കൺവീനറുമായുള്ള സമിതിയിൽ ബ്ലോക്ക് - ഗ്രാമപഞ്ചായത്തംഗംങ്ങൾ സബ്ജക്ട് കമ്മിറ്റി ചെയർമാന്മാരാണ്. കഴിഞ്ഞ വർഷം അയൽക്കൂട്ടങ്ങൾ മുഖേന കുടുംബശ്രീ നടപ്പാക്കിയ പൊലിവ്, ഭക്ഷ്യസുരക്ഷാ ഭവനം എന്നിവയുടെ തുടർച്ചയായാണ് സമൃദ്ധി നടപ്പാക്കുന്നത്. അയൽക്കൂട്ടങ്ങൾ മുഖേന കുറഞ്ഞത് പതിനായിരം ഏക്കർ തരിശുഭൂമി കൃഷിക്കായി ഉപയോഗപ്പെടുത്താനാണ് നീക്കം. പകുതി സ്ഥലത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കുടുംബശ്രീ ഉത്പന്നങ്ങൾക്കുള്ള വൻ ഡിമാൻഡ് കണക്കിലെടുത്ത് മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണവും ലക്ഷ്യമിടുന്നുണ്ട്.
15 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ചെയർമാൻമാരായുള്ള പ്രാദേശിക സംഘാടക സമിതി രൂപീകരണം ഇന്ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് ജെസിമോൾ മനോജ്, മുൻ പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലിസമ്മ ബേബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സഖറിയാസ് കുതിരവേലി, ശോഭ സലിമോൻ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ പി.എൻ. സുരേഷ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ബിനോയ് എന്നിവർ സംസാരിച്ചു.