പാലാ: നഗരസഭാ കൗൺസിൽ ഹാളിലും, ടൗൺ ഹാളിലും കെ.എം. മാണിയുടെ കൂറ്റൻ ഛായാ ചിത്രങ്ങൾ സ്ഥാപിച്ചു.
നീണ്ട അരനൂറ്റാണ്ടിനപ്പുറം പാലായുടെ എം.എൽ.എയും. ദീർഘകാലം മന്ത്രിയുമായിരുന്ന കെ.എം. മാണിയോടുള്ള ആദരസൂചകമായാണ് നഗരസഭാ കൗൺസിൽ ഹാളിലും പൊതു ഇടമായ ടൗൺ ഹാളിലും ഛായാ ചിത്രങ്ങൾ സ്ഥാപിച്ചതെന്ന് പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ 'കേരളകൗമുദി' യോടു പറഞ്ഞു. ഛായാചിത്രങ്ങൾ സ്ഥാപിക്കാൻ നേരത്തേ നഗരസഭാ കൗൺസിലിലെ ഭരണപ്രതിപക്ഷ കൗൺസിലർമാർ ഒത്തു ചേർന്ന് തീരുമാനമെടുത്തിരുന്നു. രണ്ടിടത്തേയും ഛായാചിത്ര അനാച്ഛാദനം ചെയർപേഴ്‌സൺ ബിജി ജോജോ നിർവ്വഹിച്ചു.കെ.എം.മാണിയുടെ പുഞ്ചിരിക്കുന്ന മുഖചിത്രമാണ് രണ്ടിടത്തും വെച്ചിട്ടുള്ളത്. കൗൺസിൽ ഹാളിൽ ചെയർപേഴ്‌സൺ ഇരിക്കുന്നതിന് ഇടതു വശത്തായി ഉയരത്തിലാണ് ഛായാചിത്രം സ്ഥാപിച്ചത്. ടൗൺ ഹാളിനുള്ളിൽ സ്റ്റേജിനു മുന്നിലായാണ് ചിത്രം. ലാമിനേഷനും ഫ്രയിമിംഗും ഉൾപ്പെടെ രണ്ടു ഛായാചിത്രങ്ങളും സ്ഥാപിക്കാൻ അര ലക്ഷത്തിൽപ്പരം രൂപാ നഗരസഭ ചെലവഴിച്ചു.