naranathu-padashekaram

വൈക്കം : രണ്ടു പതി​റ്റാണ്ടായി പുല്ലും പാഴ് ചെടികളും വളർന്ന് തരിശായി കിടന്ന വൈക്കം നഗരസഭയിലെ ഏക പാടശേഖരമായ നാറാണത്ത് ബ്ലോക്ക് വീണ്ടും പച്ചപ്പണിയുന്നു. വൈക്കം നഗരസഭ എട്ടാം വാർഡിൽ ഉൾപ്പെടുന്ന പാടശേഖരത്തിന് 35 ഏക്കർ വിസ്തൃതിയാണുള്ളത്. ഇരുപത് വർഷത്തിലധികമായി കൃഷിയില്ലാതെ കിടന്ന പാടം ഹരിതാഭമാക്കാൻ കഴിഞ്ഞ രണ്ടു വർഷമായി വൈക്കം നഗരസഭ കാർഷിക വികസന സമിതി നിരന്തരമായി ശ്രമിച്ചു വരികയായിരുന്നു. വൈക്കം നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി വൈക്കം കൃഷിഭവനുമായി സഹകരിച്ച് നാറാണത്ത് ബ്ലോക്കിൽ കൃഷിയിറക്കാൻ തീരുമാനിച്ചതിനെ തുടർന്ന് പാടശേഖരത്തിൽ ഒന്നര കിലോമീ​റ്ററോളം ദുരത്തിൽ ഉയർത്തി ബണ്ടു നിർമ്മിച്ചു. കൃഷിയ്ക്കായി വൈദ്യുതി ലഭ്യമാക്കി. പുതിയ പെട്ടിയും പറയും മോട്ടോറും സ്ഥാപിച്ചു. നെൽകൃഷിക്കു പുറമെ മത്സ്യകൃഷിക്കും അനുയോജ്യമായ പാടശേഖരമാണിത്. പാടത്തെ പുല്ലും കു​റ്റിച്ചെടികളുമടക്കം നീക്കി നിലമൊരുക്കി വിതയ്ക്ക് സജ്ജമാക്കിയിരിക്കുകയാണെന്ന് പാടശേഖര സമിതി പ്രസിഡന്റ് ജോസഫ് മ​റ്റപ്പള്ളി, വൈസ് പ്രസിഡന്റ് ശിവദാസ് അരൂപറമ്പ്, കൺവീനർ രാമചന്ദ്രൻ തുണ്ടത്തറ എന്നിവർ പറഞ്ഞു. വൈക്കം ടൗൺ കൃഷിഭവൻ ഓഫീസർ എൻ.അനിൽകുമാർ, അസിസ്​റ്റന്റ് കൃഷി ഓഫീസർ മെയ്‌സൺ മുരളി, കാർഷിക വികസന സമിതി അംഗങ്ങളായ സി.ഗോപാലകൃഷ്ണൻ, എൻ.മോഹനൻ, പവിത്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നിലം കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.ഇന്നലെ രാവിലെ വൈക്കം നഗരസഭ ചെയർമാൻ പി.ശശിധരൻ ഉമ വിത്ത് വിതച്ച് കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഒന്നര കിലോമീ​റ്ററോളം ദുരത്തിൽ ഉയർത്തി ബണ്ടു നിർമ്മിച്ചു.

കൃഷിയ്ക്കായി വൈദ്യുതി ലഭ്യമാക്കി

പുതിയ പെട്ടിയും പറയും മോട്ടോറും സ്ഥാപിച്ചു

നെൽകൃഷിക്കു പുറമെ മത്സ്യകൃഷിക്കും അനുയോജ്യമായ പാടശേഖരം

35 ഏക്കർ വിസ്തൃതി