കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ലോട്ടറി വില്പനക്കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്നയാൾ പിടിയിൽ. കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടിൽ ടി.എസ് സത്യനെ (45) ആണ് ഗാന്ധിനഗർ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. 13 നാണ് തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മയുടെ (55) മൃതദേഹം കാൻസർ വാർഡിന് സമീപം അഴുകിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രി പരിസരത്ത് ലോട്ടറി വില്പനക്കാരായിരുന്ന ഇരുവരും 5 വർഷമായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.
സത്യൻ വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമാണ്. സംശയത്തെ തുടർന്ന് അഞ്ചു മാസം മുൻപ് പൊന്നമ്മയും, സത്യനും പിണങ്ങി പിരിഞ്ഞു.
ഇതിനിടെ രണ്ടുതവണ സത്യൻ പൊന്നമ്മയുടെ ആക്രമണത്തിനിരയായി. ആദ്യം കാലിൽ വെട്ടി, പിന്നീട് തലയിൽ സിമന്റ് ഇഷ്ടികകൊണ്ട് ഇടിച്ചു. ഇതോടെ സത്യന് വൈരാഗ്യം വർദ്ധിച്ചു. കഴിഞ്ഞ എട്ടിന് രാത്രിയിൽ ആശുപത്രിയിൽ എത്തിയ സത്യൻ പൊന്നമ്മയുമായി കാൻസർ വാർഡിന്റെ വരാന്തയിലേയ്‌ക്ക് പോയി. കിടക്കാൻ ഒരുങ്ങുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് സത്യൻ കൈയിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് പൊന്നമ്മയുടെ തലയിൽ അടിച്ചു. അടിയേറ്റ് എഴുന്നേറ്റോടിയ പൊന്നമ്മയെ പിൻതുടർന്ന് രണ്ടു തവണ കൂടി അടിച്ചു. സമീപത്തെ കുഴിയിലേയ്‌ക്കാണ് പൊന്നമ്മ വീണത്. ഇവിടേക്ക് എത്തി രക്തം പുരണ്ട പായും, ചാക്കും കാട്ടിൽ ഉപേക്ഷിച്ച ശേഷം സത്യൻ വീണ്ടും ഒരു തവണ കൂടി പൊന്നമ്മയുടെ തലയിൽ അടിച്ച് മരണം ഉറപ്പാക്കി.
കഴുത്തിൽ കിടന്ന രണ്ടര പവന്റെ മാലയും, കൈയിലുണ്ടായിരുന്ന 3000 രൂപയുടെ ലോട്ടറി ടിക്കറ്റും, 40 രൂപയും മോഷ്‌ടിച്ചു. തുടർന്ന് കാർഡ്ബോർഡ് എടുത്ത് മൃതദേഹം മൂടി. രണ്ടു ദിവസം ആശുപത്രിയിൽ കറങ്ങി നടന്ന ശേഷം കോഴഞ്ചേരിയിലേയ്‌ക്ക് പോയി. സ്വർണമാല വിറ്റ് രണ്ട് മോതിരവും, ഒരു ഏലസും വാങ്ങി. മൃതദേഹം കണ്ടെത്തിയ ദിവസം മുതൽ സത്യൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയുമായി ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷ്, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ വി.എസ് ഷിബുക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ്, ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐമാരായ ടി.കെ സജിമോൻ, എ.പി സജി, നോബിൾ, തോമസ് ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ അംബിക, ഷീജ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.