കോട്ടയം : പ്രളയാനന്തര ധനസഹായത്തിനായി ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ ജില്ലയിൽ ലഭിച്ചത് 48061 അപ്പീൽ അപേക്ഷകൾ. കളക്ടറേറ്റിലെ പൊതുജന പരാതി പരിഹാര സെല്ലിൽ സ്വീകരിച്ച അപേക്ഷകൾ പരിശോധിച്ച് വിവരങ്ങൾ കമ്പ്യൂട്ടറിലാക്കുന്ന ജോലി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. നാഷണൽ ഇൻഫർമാറ്റിക് സെന്റർ മുഖേന റേഷൻ കാർഡ് നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മുൻപ് സഹായം ലഭിച്ച നിരവധി പേർ അപേക്ഷ നൽകിയതായി കണ്ടെത്തി. ഒരേ കുടുംബങ്ങളിൽനിന്നുതന്നെ ഒന്നിലധികം അപേക്ഷകരും പട്ടികയിലുണ്ട്. ജില്ലയിൽ ആകെ 481 വീടുകളാണ് പ്രളയത്തിൽ പൂർണമായി തകർന്നത്. ഈ കുടുംബങ്ങൾക്ക് വീടുവയ്ക്കുന്നതിന് തവണകളായി പണം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. ഈ വർഷം ജനുവരി 31 വരെ ലഭിച്ച 13568 അപ്പീലുകളിലും ഫെബ്രുവരി മുതൽ മാർച്ച് 31 വരെ ലഭിച്ച 2123 അപ്പീലുകൾ പരിശോധിച്ച് ധനസഹായ വിതരണത്തിന് നടപടി സ്വീകരിച്ചെന്നും പുതിയതായി ലഭിച്ച അപക്ഷേകളിലും സമയബന്ധിതമായി തുടർനടപടികളെടുക്കുമെന്നും ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.

അപേക്ഷകൾ (താലൂക്ക് തിരിച്ച് )

വൈക്കം : 24268

കോട്ടയം : 20473

ചങ്ങനാശേരി : 3195

മീനച്ചിൽ : 81

കാഞ്ഞിരപ്പള്ളി : 44