കോട്ടയം : ശാസ്‌ത്രീയമായ അന്വേഷണത്തിനുള്ള പഴുതുകളൊന്നുമില്ലാതിരുന്ന ലോട്ടറി വില്പനക്കാരിയുടെ കൊലപാതകം പൊലീസ് തെളിയിച്ചത് പരമ്പരാഗത വഴിയിലൂടെ. കേസിലെ പ്രതിയും വാദിയും മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നില്ല. സംഭവ സ്ഥലത്തു നിന്ന് വിരലടയാളമോ, മറ്റ് ശാസ്‌ത്രീയമായ സൂചനകളോ ലഭിക്കാത്തതിനാൽ പരമ്പരാഗത റൂട്ടിലൂടെ പൊലീസ് നീങ്ങുകയായിരുന്നു. മൃതദേഹം 13 ന് ഉച്ചയ്‌ക്ക് കണ്ടെത്തിയെങ്കിലും കൊല്ലപ്പെട്ടത് പൊന്നമ്മയാണെന്ന് തിരിച്ചറിഞ്ഞത് രാത്രി എറെ വൈകിയാണ്. അന്വേഷണത്തിൽ പൊന്നമ്മ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് ആശുപത്രിയിൽ ലോട്ടറി വിൽക്കുന്നവരെയും, ചെറുകിട കച്ചവടക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സത്യൻ രണ്ടുദിവസമായി ആശുപത്രി പരിസരത്ത് എത്തുന്നില്ലെന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് സത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോയതെന്ന് മനസിലായി. മല്ലപ്പള്ളിയിൽ എത്തിയ പ്രതി ആർഭാട ജീവിതമാണ് നയിച്ചിരുന്നത്. ഓട്ടോറിക്ഷയിലായിരുന്നു യാത്രകളെല്ലാം. ഇയാൾ സഞ്ചരിച്ച ഓട്ടോഡ്രൈവർമാരെയും പൊലീസ് ചോദ്യം ചെയ്‌തു. പൊന്നമ്മയുടെ മാല വിറ്റ സ്ഥാപനം കൂടി കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നെടുങ്കണ്ടം ഓർമ്മയുണ്ടോ...
രണ്ടുദിവസം നിരീക്ഷണത്തിൽ വച്ച ശേഷം കസ്റ്റഡിയിൽ എടുക്കുമ്പോൾ, പൊലീസ് ഉദ്യോഗസ്ഥരെ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് ഓർമ്മപ്പെടുത്തി സത്യൻ ഭീഷണിപ്പെടുത്തി. 'നെടുങ്കണ്ടത്തെ കുമാറിനെ മർദ്ദിച്ചവരുടെ ഗതിയറിയാമല്ലോ" എന്നായിരുന്നു ഓർമ്മപ്പെടുത്തൽ. പൊന്നമ്മയുടെ മാല വിറ്റ വാങ്ങിയ സ്വർണ മോതിരത്തിലൊന്ന് പൊലീസ് പിടികൂടുന്നതിന് മുൻപ് സത്യൻ വലിച്ചെറിഞ്ഞു. പൊന്നമ്മയുടെ തലയ്‌ക്കടിച്ച കമ്പി കണ്ടെത്താൻ പൊലീസിനായില്ല.
ഗുജറാത്തിൽ ചെമ്മീൻ കമ്പനിയിൽ ജോലി
വർഷങ്ങൾക്ക് മുൻപ് വരെ ഗുജറാത്തിലെ ചെമ്മീൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു സത്യൻ. ഇവിടെ നിന്ന് ഒരു യുവതിയുമായി നാടുവിട്ട സത്യനെ വീട്ടുകാർ സ്വീകരിച്ചില്ല. തുടർന്ന് സത്യനും യുവതിയും ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ സത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സതേടിയത്. തുടർന്ന് ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നു. ഇതിനിടെയാണ് പൊന്നമ്മയെ പരിചയപ്പെട്ടത്. ലോട്ടറി വില്പനയ്‌ക്കൊപ്പം മോഷണവും സത്യനുണ്ടായിരുന്നു. ചെറുപ്പത്തിൽ നാട്ടിൽ നിന്ന് സൈക്കിൾ മോഷ്‌ടിച്ച് നാട്ടുകാർ പിടികൂടിയതോടെയാണ് ഗുജറാത്തിലേയ്‌ക്ക് നാടുവിട്ടത്. മെഡിക്കൽ കോളേജ് റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസിൽ നിന്ന് ജാക്കി മോഷണമായിരുന്നു പ്രധാന തൊഴിൽ.