അടിമാലി: അടിമാലി പഞ്ചായത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെ എൽ.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് ചർച്ചയ്‌ക്കെടുക്കും. നിലവിൽ യു.ഡി.എഫിലെ കെ.എസ്. സിയാദാണ് പഞ്ചായത്ത് ഭരണസമിതിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ. ക്ഷേമകാര്യ സ്ഥിരം സമതിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെയാണ് അവിശ്വാസത്തിന് കളമൊരുങ്ങിയത്.
ക്ഷേമകാര്യ സ്ഥിരം സമതിയിൽ എൽ.ഡി.എഫ് 3, യു.ഡി.എഫ് 2 എന്നിങ്ങനെയാണ് കക്ഷി നില. യു.ഡി.എഫിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസം വിജയിക്കുമെന്നുറപ്പുള്ളതായി ഇടത് പഞ്ചായത്തംഗം എം.എൻ. ശ്രീനിവാസൻ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അപ്രതീക്ഷിതമായിട്ടായിരുന്നു ക്ഷേമകാര്യ സ്ഥിരം സമിതിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായിരുന്ന ദീപാ രാജീവ് പഞ്ചായത്ത് പ്രസിഡന്റായതോടെ തൽസ്ഥാനത്ത് ഒഴിവ് വന്നു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ക്ഷേമകാര്യ സ്ഥിരം സമതിയിൽ ഉണ്ടായിരുന്ന പ്രിൻസി മാത്യുവിനെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി തിരഞ്ഞെടുത്തു. തുടർന്ന് ക്ഷേമകാര്യ സ്ഥിരം സമിതിയിൽ ഉണ്ടായ ഒഴിവിലേക്ക് ഒരു എൽഡിഎഫ് അംഗം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ യു.ഡി.എഫിന് ക്ഷേമകാര്യ സ്ഥിരം സമതിയിൽ ഭൂരിപക്ഷം നഷ്ടമായി. ഈ സമതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സംഭവിച്ച അശ്രദ്ധയാണ് ഇപ്പോഴത്തെ സ്ഥാനം നഷ്ടപ്പെടലിന് കാരണം. അവിശ്വാസം ചർച്ചക്കെടുക്കും മുമ്പെ എസ്. സിയാദ് രാജി സമർപ്പിക്കാനാണ് സാധ്യത.