പാലാ: നല്ല ഒന്നാന്തരം സ്റ്റീൽ പൈപ്പുകൾ ചേർത്ത ഇരിപ്പിടമായിരുന്നൂ പാലാ ടൗൺ ബസ് സ്റ്റാൻഡിനോടു ചേർന്ന റിവർവ്യൂ റോഡരുകിലെ നെടു നീളൻ വെയിറ്റിംഗ് ഷെഡ്ഡിൽ.... പുതുതായി പണിത ഈ വെയിറ്റിംഗ് ഷെഡ്ഡിൽ ഇപ്പോൾ ഈ സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങളിൽ പകുതിയുമില്ല ! . ഇരുളിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ ഇത് കടത്തിക്കോണ്ടു പോയി ...... ആരുണ്ട് ചോദിക്കാൻ ....?
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വെയിറ്റിംഗ് ഷെഡ്ഡിൽ യാത്രക്കാരിൽ മിക്കവർക്കും നിൽക്കാനാണു വിധി. നിന്നു നിന്നു മടുത്താലും ഇരിക്കാൻ ഇരിപ്പിടം വേണ്ടേ....? വിലയേറിയ പൈപ്പുകൾ മോഷണം പോയിട്ടു നാളുകളായെങ്കിലും ഇതിനെതിരെ നടപടികളൊന്നുമുണ്ടായില്ല.
ഇരിപ്പിടം അപ്പാടെ അടിച്ചുമാറ്റിയവർ അതുകൊണ്ടും തൃപ്തരായില്ല. വെയിറ്റിംഗ് ഷെഡ്ഡും പരിസരവും ഇരുളിലും പകലാക്കിയ പത്തോളം എൽ.ഇ.ഡി. ട്യൂബു ലൈറ്റുകളുണ്ടായിരുന്നു. ഇവയിൽ ചിലതും അഴിച്ചെടുത്തു. ഇവയ്‌ക്കെല്ലാം മറയിടാൻ ഇവിടുത്തെ ഫ്യൂസും പല തവണ ഊരിമാറ്റി.
ഇന്നലെ രാത്രി ഇതുവഴി പോയ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോയും അന്തം വിട്ടു; മൂന്നു ദിവസം മുമ്പ് മൂന്നു പുതിയ ബൾബുകൾ ഇവിടെയിട്ടതാ.... അതും ഇപ്പോൾ തെളിയുന്നില്ല .... ഫ്യൂസ് ഊരിമാറ്റിയിരിക്കുന്നു ! ; ബാക്കി കിടക്കുന്ന സ്റ്റീൽ പൈപ്പുകൾ കൂടി കടത്തണമെങ്കിൽ വെളിച്ചം തടസമാണല്ലോ. സംഭവം നേരിട്ട് ശ്രദ്ധയിൽപ്പെട്ട ചെയർപേഴ്‌സൺ പൊലീസിൽ പരാതി നൽകാൻ , നഗരസഭാ ഉദ്യോഗസ്ഥർക്ക് ഇന്നലെ രാത്രി തന്നെ നിർദ്ദേശം നൽകി.