പാലാ: വി. അൽഫോൻസാ തീർത്ഥാടനത്തോടനുബന്ധിച്ച് പാലാ ടൗണിലും ഭരണങ്ങാനത്തുമുള്ളഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കി. ഭരണങ്ങാനം പള്ളിക്ക് സമീപം വൃത്തിഹീനമായ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതായി കണ്ടെത്തിയ ഹോട്ടലുകൾക്ക്‌ നോട്ടീസ് നൽകി.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ്/രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാലാ ഭക്ഷ്യസുരക്ഷാ ഓഫീസർഡോ. തെരസ്‌ലിൻ ലൂയിസ് അറിയിച്ചു.ഹോട്ടലുകളിൽ പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം അംഗീകൃത ലാബിൽ പരിശോധിപ്പിച്ച് ഉപയോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും റിപ്പോർട്ട് പരിശോധനാവേളയിൽ ഹാജരാക്കേണ്ടതുമാണ്. നിരോധിച്ച കുപ്പിവെള്ളവും എണ്ണയും ഉപയോഗിക്കാൻ പാടില്ല.ഹോട്ടലുകൾ,ബേക്കറികൾ, കൂൾബാർ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ആരോഗ്യ കാർഡ് നിർബന്ധമാണ്. ഭക്ഷണത്തിൽ കൃത്രിമ കളർചേർക്കാൻ പാടില്ല. ഭക്ഷണം പൊതിഞ്ഞ് കൊടുക്കുന്നതിന് ഫുഡ്‌ഗ്രേഡ് സാധനങ്ങൾ ഉപയോഗിക്കണം.
വഴിയോര കച്ചവടക്കാർക്കും വാഹനങ്ങളിൽ കച്ചവടം നടത്തുന്നവർക്കും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നിർബന്ധമാണ്. തിരുനാൾ ദിവസങ്ങളിൽ മൊബൈൽ ലാബിന്റെസേവനം ഭരണങ്ങാനത്ത് ലഭ്യമാക്കുമെന്ന്‌കോട്ടയം ഭക്ഷസുരക്ഷാ അസി. കമ്മീഷണർ പി. ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു.
പരിശോധനകൾക്ക് ഭക്ഷ്യസുരക്ഷാ പാലാ സർക്കിൾ ഓഫീസർഡോ. തെരസ്‌ലിൻ ലൂയിസ്, കടുത്തുരുത്തി സർക്കിൾ ഓഫീസർ നിമ്മി അഗസ്റ്റ്യൻ എന്നിവർനേതൃത്വം നൽകി.