കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി തോട്ടിൽ തള്ളിയ ശേഷം പ്രതികൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിലെത്തിയതിനു തെളിവുമായി പ്രോസിക്യൂഷൻ. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്ന അന്തിമ വാദത്തിലാണ് പ്രിൻസിപ്പൽ സെഷൻസ് ‌ജഡ്‌ജി എസ്.ജയചന്ദ്രൻ മുമ്പാകെ പ്രോസിക്യൂഷൻ തെളിവുകൾ ഹാജരാക്കിയത്. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനു മുന്നോടിയായി ഷാനു ചാക്കോ ആദ്യം പോലീസ് സ്റ്റേഷൻ എതിർവശത്തുള്ള ഹോട്ടലിലും പിന്നീട് മെഡിക്കൽ കോളജിനു സമീപത്തെ ടൂറിസ്റ്റ് ഹോമിലുമെത്തി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്ക് സമീപത്തെ തട്ടുകടയിൽ നിന്നു ഭക്ഷണം കഴിച്ചു. ഇതിനിടെ സംഘാംഗങ്ങൾ ഐ20, വാഗൺ ആർ കാറുകളിൽ മാന്നാനത്ത് എത്തി അനീഷിന്റെ വീടും പരിസരവും നിരീക്ഷിക്കുകയും ചെയ്‌തു. ഇതിനു ശേഷം തിരികെ മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം അനീഷിന്റെ വീട് ആക്രമിച്ച് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഈ സമയത്തെല്ലാം ഷാനു മറ്റു പ്രതികളുമായി ഫോണിൽ സംസാരിച്ചിരുന്നു. എ.എസ്.ഐ ബിജു വാഹന പരിശോധനയ്‌ക്കിടെ പിടികൂടിയപ്പോഴും പ്രതി ഷാനു സഹ പ്രതികളുമായി സംസാരിക്കുകയായിരുന്നു.
തുടർന്ന് 5.30ന് ചാലിയക്കരയിൽ എത്തുകയും നീനുവിനെ വിട്ടുകിട്ടുന്നതിനായി അനീഷിനെക്കൊണ്ടു സഹോദരൻ സന്തോഷിനെ വിളിയ്ക്കുകയും ചെയ്തു. തുടർന്നു സന്തോഷ് നീനു താമസിച്ചിരുന്ന ഹോസ്റ്റലിലെത്തിയെങ്കിലും വിട്ടുകൊടുത്തില്ല. തുടർന്ന് അനീഷിനെയുമായി തിരികെ വന്ന സംഘം ഗാന്ധിനഗറിൽ ഇയാളെ ഇറക്കി വിട്ടു. പിന്നീട്, പോലീസ് സ്റ്റേഷനു മുന്നിലൂടെ ഏറ്റുമാനൂർ, പാലാ, പൊൻകുന്നം, ചിറക്കടവ് വഴിയാണു തിരികെ പോയത്. രാവിലെ 10.30 -11 നേരത്തു പ്രതികൾ ഗാന്ധിനഗർ മേഖലയിലുണ്ടായിരുന്നതിനു മൊബൈൽ ഫോൺ സിഗ്നലുകൾ തെളിവാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇന്നലെ ഒന്നു മുതൽ അഞ്ചു വരെ പ്രതികൾക്കെതിരായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. ഇന്നും പ്രോസിക്യൂഷൻ വാദം തുടരും.