കോട്ടയം: പഴമയുടെയും പുതുമയുടെയും ഒത്തു ചേരലിന്റെ ഓർമ്മ പുതുക്കി സംക്രമ മഹോത്സവം ആചരിച്ചു. നീലിമംഗലം സംക്രാന്തിയിൽ പഴയകാലത്തിന്റെ ഓർമ്മ പുതുക്കി കച്ചവടക്കാർ ഒത്തു ചേർന്നു. പഴയ കുട്ടയും, വട്ടിയും, മുറവും ചട്ടിയും ഒത്തു ചേരുകയായിരുന്നു. നിരവധി കച്ചവടക്കാരാണ് ഇക്കുറിയും ഇവിടെ പ്രൗഡമായ വേദിയൊരുക്കിയത്. കർക്കിടക മാസപുലരിയായ ഇന്ന് പാക്കിൽ സംക്രമവാണിഭത്തിനും തുടക്കമാവും. പാക്കിൽ ധർമ്മ ശാസ്‌താക്ഷേത്രത്തിന്റെ മൈതാനത്താണ് ചടങ്ങുകൾ നടക്കുക. ഇന്നലെ സംക്രാന്തി വിളക്കമ്പലത്തിൽ പുലർച്ചെ തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. കർക്കിടക സംക്രമ ദീപം കുമാരനല്ലൂർ ക്ഷേത്രം മാനേജർ സി.എൻ.ശങ്കരൻ നമ്പൂതിരി തെളിയിച്ചു. തുടർന്ന് നടന്ന പ്രസാദമൂട്ടിൽ നൂറുകണക്കിനു ആളുകൾ പങ്കെടുത്തു.പ്രസാദമൂട്ടിനു ദേവസ്വം മാനേജർ സി.എൻ.ശങ്കരൻ നമ്പൂതിരി, സൂര്യകാലടി ജയസൂര്യൻ ഭട്ടതിരിപ്പാട്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ഭാരവാഹികളായ കെ.പി.കൃഷ്ണൻ കുട്ടി, എസ്.സുരേഷ്, രാജേഷ് നട്ടാശ്ശേരി, ബേബി പ്രസാദ്, കെ.കെ.രവീന്ദ്രൻ, കെ.എസ്.പ്രസാദ് എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം നടന്ന നാമസങ്കീർത്തനത്തോടു കൂടി ചടങ്ങുകൾ സമാപിച്ചു.