കോട്ടയം: കന്നുകാലികൾക്ക് നിൽക്കാനും കിടക്കാനും തീറ്റയെടുക്കാനും കഴിയാതെ മരണത്തിന് വരെ കാരണമാകുന്ന കുളമ്പുരോഗത്തെ പിടിച്ചു നിറുത്താൻ മൃഗസംരക്ഷണവകുപ്പ് വീട് കയറുന്നു. കുളമ്പു രോഗ വിമുക്തമായ കേരളം ലക്ഷ്യമിട്ടുള്ള 'ഗോരക്ഷാ പദ്ധതി'ക്ക് ഇന്നലെ തുടക്കമായി. ആഗസ്റ്റ് 21 വരെ മൂന്നാഴ്ചയ്ക്കുള്ളിൽ കേരളത്തിലെ മുഴുവൻ വീടുകളും കയറി പശു, എരുമ,പന്നി എന്നിവയെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നതാണ് പദ്ധതി .
വൈറസ് മൂലമുള്ള പകർച്ചവ്യാധിയായതിനാൽ ഫാമിൽ ഒരു കന്നുകാലിക്ക് വന്നാൽ മുഴുവൻ കാലികളെയും ബാധിച്ച് കൂട്ടത്തോടെയുള്ള മരണത്തിന് കാരണമാകും. വൻ സാമ്പത്തിക നഷ്ടമാണ് ഫലം.
നേരത്തേ പ്രതിരോധ കുുത്തിവെപ്പ് എടുത്ത കന്നുകാലികളുടെ ചെവിയിൽ ടാഗ് ഇട്ടിട്ടുണ്ട് .കർഷകരുടെ ലിസ്റ്റും മൃഗസംരക്ഷണവകുപ്പിലുണ്ട്. പരിശീലനം സിദ്ധിച്ച ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ വീടുകൾ സന്ദർശിച്ച് ടാഗ് നോക്കിയാണ് വീണ്ടും കുത്തിവെപ്പ് നടത്തുക. പത്ത് രൂപ ഈടാക്കും. കുത്തിവെപ്പ് പാലുത്പാദനം കുറക്കുമെന്ന് ഭയന്ന് നേരത്തേ പലരും താത്പര്യം കാണിച്ചിരുന്നില്ല . കന്നുകാലികൾക്ക് അകാലമരണം വരെ സംഭവിക്കുമെന്ന് ബോദ്ധ്യപ്പെട്ടതോടെ ഇപ്പോൾ എല്ലാവരും തയ്യാറാകുന്നു. 'മൃഗങ്ങളിലെ സാംക്രമികരോഗ പ്രതിരോധവും നിയന്ത്രണവും ആക്ട് 2009 'പ്രകാരം കുത്തിവെപ്പ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇൻഷ്വറൻസ് പരിരക്ഷയ്ക്കും ഇത് ആവശ്യമാണ്.
തീറ്റ, വെള്ളം, വായു, വിസർജ്യങ്ങൾ എന്നിവയിലൂടെ രോഗം പകരുമെന്നതിനാൽ കന്നുകാലികളെ മാറ്റി പാർപ്പിച്ച് പ്രത്യേക പരിപാലനം നൽകണം. വായിലെ വൃണം പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി ബോറിക് ആസിഡ് തേനിൽ ചാലിച്ച് പുരട്ടണം. കന്നുകുട്ടികൾക്ക് മൂന്നു മാസത്തിനുള്ളിൽ ആദ്യത്തേതും പിന്നീട് വർഷത്തിൽ രണ്ട് തവണയും പ്രതിരോധ കുത്തിവെപ്പ് എടുക്കണം. ചെനയുള്ള കന്നുകാലിക്ക് ഏഴുമാസത്തിന് ശേഷം കുത്തിവെപ്പ് എടുക്കരുത്.
ഡോ. വി.ആർ.അമ്പിളി, അസി.പ്രൊഫസർ,
വെറ്ററിനറി സർവകലാശാല, മണ്ണൂത്തി