ആലപ്പുഴ: നാല് ചുറ്റപാടും വെള്ളം, പിന്നെ പെരുമഴ കൂടി പെയ്താലുള്ള പുകില് പറയണോ. കാലവർഷം കനത്താൽ നാടെങ്ങും രോഗദുരിതങ്ങളിലാണ്. ആലപ്പുഴയിലാണെങ്കിൽ ഇതിന് കാഠിന്യമേറും. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. എച്ച് വൺ, എൻ വൺ പനിയെ തന്നെയാണ് ആലപ്പുഴ ഭയക്കുന്നത്. ജില്ലയിൽ എച്ച് വൺ, എൻ വൺ വീണ്ടും പടരുകയാണ്. ആലപ്പുഴ ജില്ലയിൽ ഇതുവരെ 72 പേർക്ക് എച്ച് വൺ, എൻ വൺ ബാധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഈ വർഷം 5 പേർ എച്ച് വൺ, എൻ വൺ പിടിപെട്ട് മരിച്ചു. പനി ബാധിച്ച് മരിച്ചവരുടെ മെഡിക്കൽ റിസൾട്ട് വരുമ്പോൾ മാത്രമാണ് പലപ്പോഴും എച്ച് വൺ, എൻ വൺ ആണെന്ന് അറിയുന്നത്. ജില്ലയുടെ ഉൾനാടൻ പ്രദേശങ്ങളിൽ വിവിധതരം വൈറൽ പനികൾ പടർന്നുപിടിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
തയാറെടുത്ത്
ആരോഗ്യവകുപ്പ്
.
പനി പടരുമ്പോൾ മുൻകരുതൽ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതർ.
പനിയുടെ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. പനി, ജലദോഷം, ചുമ, ശരീരവേദന, വിറയൽ, ക്ഷീണം തുടങ്ങിയവ എച്ച് 1 എൻ 1 പനിയുടെ ലക്ഷണങ്ങളായതിനാൽ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ചിലരിൽ ശ്വാസതടസ്സവും കാണാറുണ്ട്. എച്ച് 1 എൻ 1 പനിക്കെതിരെ ഒസർട്ടാമീവിർ എന്ന മരുന്ന് ഫലഫ്രദമാണ്. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം കഴിക്കണം. സർക്കാർ ആശുപത്രികളിലും, കാരുണ്യ ഫാർമസികളിലും മരുന്ന് ലഭിക്കും. ഗർഭിണികളിൽ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കണ്ട് പ്രതിരോധ മരുന്ന് കഴിക്കണം.പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, കരൾ, വൃക്കരോഗം മുതലായ ദീർഘകാല രോഗങ്ങൾ ഉള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.