കോട്ടയം: സാമ്പത്തിക പ്രയാസം പരിഹരിക്കാൻ കരാറുകാരുടെ കഴുത്തിനു പിടിച്ച് സർക്കാർ. ജില്ലയിലെ മരാമത്ത് വകുപ്പിൽ മാത്രം 300 കോടി രൂപയിലേറെയാണ് കരാറുകാർക്ക് കൊടുക്കാനുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ 10 ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
കുടിശിക ഉടൻ കൊടുത്തു തീർക്കുകയും ട്രഷറി നിയന്ത്രണം പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ ജോലികൾ നിറുത്തിവയ്ക്കേണ്ട സാഹചര്യത്തിലേയ്ക്കാണ് കാര്യങ്ങൾ. നിലവിലെ സാഹചര്യത്തിൽ പണം കിട്ടാൻ ഒരു വർഷത്തോളം കാത്തിരിക്കണം . കഴിഞ്ഞ വർഷം ആഗസ്റ്റിലെ ബില്ലുകളാണ് ഇപ്പോൾ പാസാക്കുന്നത്. പ്രളയ പുനർ നിർമാണം, ശബരിമല സീസൺ പ്രമാണിച്ചുള്ള റോഡ‌് നിർമാണം, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം അടക്കം ഈ സാഹചര്യത്തിൽ പ്രതിസന്ധിയിലാകും. സർക്കാരിന്റെ കൈയിൽ പണമില്ലാത്തതാണ് കാലതാമസത്തിന് കാരണം. പലിശയ്ക്കെടുത്ത് നിർമാണം നടത്തുന്ന ചെറുകിട കരാറുകാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. 14 ശതമാനം വരെ പലിശയ്ക്കെടുത്താണ് ഇവരിൽ പലരും കരാറെടുത്തിരിക്കുന്നത്.
ട്രഷറി നിയന്ത്രണവും ഇരുട്ടടി
ട്രഷറികളിൽ 10 ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ സ്വീകരിക്കാതായിട്ട് മാസങ്ങളായി. ഇതിൽ കൂടുതലുള്ളവയ്ക്ക് ധനകാര്യവകുപ്പിന്റെ അനുമതി നിർബന്ധമാക്കിയതോടെ പണം ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കണം. സർക്കാരിന് പണച്ചെലവ് കൂടുതലുള്ള സമയങ്ങളിൽ അത് 5 ലക്ഷമായും കുറയ്ക്കാറുണ്ട്. ടാറിംഗ് സാധനങ്ങളുടെ നിരക്ക് സർക്കാർ കുറച്ചതും നിർമാണ വസ്തുക്കളുടെ ക്ഷാമവും കൂടുതൽ പ്രതിസന്ധിക്കിടയാക്കി.