വൈക്കം : കെ.എസ്.ആർ.ടി.സി വൈക്കം ഡിപ്പോയുടെ ദുരവസ്ഥ നാടൊട്ടുക്ക് ചർച്ചയാകുന്നു.
അനുവദിക്കപ്പെട്ട ചെയിൻ സർവീസുകൾ പോലും ബസില്ല എന്ന കാരണം പറഞ്ഞ് നടത്തുന്നില്ല എന്ന് ആരോപണമുണ്ട്. സന്ധ്യ കഴിഞ്ഞാൽ കെ. എസ്. ആർ. ടി. സി. ഡിപ്പോയിലേക്ക് ആരും കയറാറില്ല. ഒരിടത്തേക്കും ബസില്ല എന്നതാണ് കാരണം. പണ്ട് രാപകൽ വ്യത്യാസമില്ലാതെ ബസുകൾ വന്നു പോയിക്കൊണ്ടിരിക്കുന്ന ഡിപ്പോയാണിത്. എറണാകുളം - കോട്ടയം ഡിപ്പോകളെ ബന്ധിപ്പിച്ച് വൈക്കം വഴി കടന്നുപോയിരുന്ന എ സി ലോ ഫ്ലോർ ബസുകളെല്ലാം ഇപ്പോൾ കാഞ്ഞിരമറ്റം വഴിയാണ് പോകുന്നത്. നീതികരിക്കാവുന്ന ഒരു കാരണവുമില്ലാതെ ലോ ഫ്ലോർ ചിൽ ബസുകളുടെ റൂട്ടിൽ നിന്ന് വൈക്കത്തെ ഒഴിവാക്കുകയായിരുന്നു. ആലുവ, തൃശ്ശൂർ വഴി പുലർച്ചെ പോയിരുന്ന ഗുരുവായൂർ സൂപ്പർഫാസ്റ്റ് പിൻവലിച്ച് പകരം കൊടുങ്ങല്ലൂർ വഴിയാക്കി. ബസിൽ യാത്രക്കാർ കുറയുക മാത്രമാണുണ്ടായത്. ചെന്നൈ, പഴനി തുടങ്ങി മുൻപുണ്ടായിരുന്ന ദീർഘദൂര സർവീസുകളൊന്നും ഇപ്പോഴില്ല. നിരവധി തവണ പരാതി നൽകിയെങ്കിലും പ്രശ്നത്തിന് ഇതുവരെ പരിഹാരം ഒന്നും ഉണ്ടായിട്ടില്ല. അധികാരികൾ വൈക്കം ഡിപോയുടെ ദുരവസ്ഥ കണ്ടിട്ടും കണ്ടില്ല എന്നു നടിക്കുകയാണ്.
വിവാദങ്ങളുമായി സി.പി.ഐ സമരം നാളെ മുതൽ
വൈക്കം ഡിപ്പോയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ ഡിപ്പോയ്ക്ക് മുന്നിൽ ദശദിന സത്യഗ്രഹം ആരംഭിക്കുകയാണ്. വൈക്കത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന, ഭരണകക്ഷിയായ സി.പി.ഐ സമരത്തിനിറങ്ങുന്നത് അപഹാസ്യമാണെന്ന് പറഞ്ഞ് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
സി.പി.ഐ ഉന്നയിക്കുന്നത്:
* വൈക്കം കെ. എസ്. ആർ. ടി. സി ഡിപ്പോയോടുള്ള അവഗണന അവസാനിപ്പിക്കുക
* പുതിയ ബസുകൾ അനുവദിക്കുക
* വെട്ടിക്കുറച്ച സർവീസുകൾ പുനരാരംഭിക്കുക
* രാത്രികാല സർവീസുകളും പ്രാദേശിക സർവീസുകളും ആരംഭിക്കുക
* വൈക്കം വഴിയുണ്ടായിരുന്ന ചിൽ സർവീസുകൾ പുനസ്ഥാപിക്കുക
കോൺഗ്രസ് പറയുന്നത്:
* വൈക്കം കെ എസ് ആർ ടി സി ഡിപ്പോ പരിതാപകരമായ അവസ്ഥയിൽ എത്തിച്ചതിന്റെ ഉത്തരവാദിത്വത്തിൽ
നിന്നും സിപിഐ ക്ക് ഒഴിഞ്ഞുമാറാനാവില്ല.
* ഭരണത്തിന്റെ എല്ലാ സൗകര്യങ്ങളും ഒരു ഭാഗത്ത് കൈപ്പറ്റുകയും മറുഭാഗത്ത് കോട്ടങ്ങളുടെ ഉത്തരവാദിത്വത്തിൽ
നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് ജനവഞ്ചനയാണ്.
കെ. എസ്. ആർ. ടി. സി സാധാരണ ജനങ്ങളുടെ ആശ്രയമാണ്. അതുകൊണ്ടുതന്നെ അത് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കെ. എസ്. ആർ. ടി. സി. യെ മികച്ച രീതിയിൽ നിലനിർത്താൻ വേണ്ട നടപടികളാണ് എൽ. ഡി. എഫ്. സർക്കാർ സ്വീകരിച്ചു വരുന്നത്. വൈക്കം ഡിപ്പോയുടെ പരാധീനതകൾ അടിയന്തിരമായി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
കെ.അരുണൻ
(സിപിഎം ഏരിയാ സെക്രട്ടറി)
കെ. എസ്. ആർ. ടി. സി. വൈക്കം ഡിപ്പോയുടെ പ്രശ്നങ്ങൾ എം. എൽ. എയും പാർട്ടിയും ഗതാഗത മന്ത്രിയേയും കോർപ്പറേഷൻ എംഡിയേയും അറിയിക്കുകയും നിരവധി തവണ നിവേദനങ്ങൾ നൽകുകയും ചെയ്തതാണ്. പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിന് തയ്യാറായത്. വൈക്കത്തെ സാധാരണ ജനങ്ങൾക്ക് വേണ്ടി കെ. എസ്. ആർ. ടി. സി. ഡിപ്പോയെ നിലനിർത്തുകയും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ പാർട്ടിയുടെ മുന്നിലുള്ള വിഷയം. ഭരണത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ ജനകീയ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രസ്ഥാനമല്ല സി.പി.ഐ.
എം.ഡി.ബാബുരാജ്
(സി.പി.ഐ നിയോജകമണ്ഡലം സെക്രട്ടറി)
സംസ്ഥാന സർക്കാരിനെതിരെയാണോ എം. എൽ. എ ക്കെതിരെയാണോ ഈ സമരമെന്ന് സി.പി.ഐ വ്യക്തമാക്കണം. പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് പറയാതെ സമരം നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ഈ സമരം പ്രഹസനമാണ്.
അക്കരപ്പാടം ശശി
(ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്)
ക്ഷേത്ര നഗരിയായ വൈക്കത്തെ പല രീതിയിലും അവഗണിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. വൈക്കത്ത് പ്രവർത്തിച്ചിരുന്ന പല സർക്കാർ സ്ഥാപനങ്ങളും ഇവിടെ നിന്ന് മാറ്റപ്പെട്ടതിന്റെ തുടർച്ചയാണ് കെ. എസ്. ആർ. ടി. സി ഡിപ്പോയോടുള്ള അവഗണനയും. ലോ ഫ്ലോർ ബസുകൾ തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം വഴി തിരിച്ചു വിട്ടതും ഈ അജണ്ടയുടെ ഭാഗമാണ്.
പി.ജി.ബിജുകുമാർ
(ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ്)