കോട്ടയം: കുട്ടികളെ അക്ഷരക്കൂട്ടിലേയ്ക്കാകർഷിക്കാൻ സദ്യയൊരുക്കി പുതു പരീക്ഷണം. ചിറക്കടവ് ലൈബ്രറിയിലാണ് ശനി, ഞായർ ദിവസങ്ങളിൽ എത്തുന്ന കുട്ടികൾക്ക് ഉച്ചയ്ക്ക് പായസം കൂട്ടി ഒന്നാംതരം സദ്യയൊരുക്കുന്നത്. 'അന്നവും അക്ഷരവും ആദരവോടെ' എന്ന പദ്ധതി പ്രകാരമാണിത്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ലൈബ്രറിയിൽ അക്ഷരങ്ങൾക്കൊപ്പം അന്നവും വിളമ്പുന്നത്. ഒരു ലക്ഷത്തിലെറെ പുസ്തകങ്ങളുള്ള ലൈബ്രറിയിലേയ്ക്ക് നവതലമുറയെ നയിക്കുകയാണ് ലക്ഷ്യം. ഞായറാഴ്ച മാത്രം നടന്നിരുന്ന ബാലവേദി ശനിയാഴ്ചകൂടിയാക്കും. പ്രസംഗം, പാട്ട്, നൃത്തം എന്നിവയുടെ പരിശീലനമാണ് ബാലവേദിയിൽ. കൂടുതൽ കുട്ടികളെത്തുന്നതോടെ ലൈബ്രറിയുടെ പ്രവർത്തനവും ഉഷാറാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സഹായം ലഭിക്കുംവരെ കേറ്ററിംഗ് സ്ഥാപനങ്ങുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആറ് മാസത്തേയ്ക്ക് ഭക്ഷണം നൽകാൻ വിവിധ കേറ്ററിംഗ് സ്ഥാപനങ്ങൾ തയ്യാറായിട്ടുണ്ട്. ചിങ്ങത്തിനാണ് പദ്ധതി ആരംഭിക്കുകയെങ്കിലും 19ന് രാവിലെ 10ന് ലൈബ്രറി ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയ ശ്രീധർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ആർ.ചന്ദ്രമോഹൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ബി.ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.