വൈക്കം : ഇനി രാമായണ പുണ്യ ദിനങ്ങൾ. ക്ഷേത്ര നഗരിയായ വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തിന് ഭക്തിനിർഭരമായ തുടക്കം. മഹാദേവ ക്ഷേത്രത്തിൽ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന രാമായണ മാസാചാരണത്തിന്റെ ദീപ പ്രകാശനം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പ്രസാദ്. ആർ. നായർ നിർവ്വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി.ആർ അരവിന്ദാക്ഷൻ നായർ അദ്ധ്യക്ഷത വഹിച്ചു.
രാമായണ മാസാചരണത്തിന്റെ ഭാഗമായി 28ന് രാമായണത്തെ ആസ്പദമാക്കി വൈജ്ഞാനിക മത്സരം നടത്തും. വിവിധ കലാപരികളും സംഘടിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെയും ദേവസ്വം ബോർഡിന്റെയും ആഭിമുഖ്യത്തിൽ കർക്കടക മാസത്തിൽ ഭഗവത് സേവയും ഗണപതി ഹോമവും ഇന്നലെ ആരംഭിച്ചു. ചടങ്ങുകൾക്ക് വടശ്ശേരിമന കൃഷ്ണൻ നമ്പൂതിരിയാണ് മുഖ്യ കാർമ്മികൻ. 16ന് സമാപിക്കും. ഉദയനാപുരം ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം, കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രം, വടയാർ ഇളങ്കാവ് ദേവിക്ഷേത്രം, തൃപ്പക്കടം മഹാദേവ ക്ഷേത്രം ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രം, മുത്തേടത്തുകാവ് ഭഗവതി ക്ഷേത്രം, ചാത്തൻ കുടി ദേവിക്ഷേത്രം, കാളിയമ്മനട ദേവി ക്ഷേത്രം, കാലാക്കൽ ക്ഷേത്രം, ധ്രുവപുരം മഹാദേവക്ഷേത്രം, പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രം, ചീരംകുന്നുംപുറം കൃഷ്ണ ക്ഷേത്രം, അയ്യർകുളങ്ങര ദേവീ ക്ഷേത്രം, കിഴക്കും കാവ് ഭഗവതി ക്ഷേത്രം, ഉല്ലല ഓംകാരേശ്വരം ക്ഷേത്രം, വെച്ചുർ ശാസ്തക്കുളം ക്ഷേത്രം, പോളശ്ശേരി ഭഗവതീ ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിലും രാമായണ മാസാചരണത്തിന് തുടക്കമായി.