തിരുവല്ല: പടിഞ്ഞാറ്റോതറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ഓതറ കുറിയേടത്ത് ജയിംസിന്റെ മകൻ ലിൻസ് ജയിംസ് (18) ആണ് മരിച്ചത്. പുത്തൻകാവ് മെത്രാപ്പോലീത്തൻ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥിയാണ്. ബൈക്കിൽ ഒപ്പം യാത്രചെയ്തിരുന്ന ഓതറ പേടിയിൽ തോമസിന്റെ മകനും കുറ്റൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായ ആൽബിൻ (18) നെ ഗുരുതരമായ പരിക്കുകളോടെ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30ന് ഓതറ -കല്ലിശേരി റോഡിൽ പടിഞ്ഞാറ്റോതറ ജംഗ്ഷനിലായിരുന്നു അപകടം. ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്നു ഇരുവരും. ബൈറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ലിൻസ് തെറിച്ച് സമീപത്തുള്ള പോസ്റ്റിൽ തല ഇടിച്ചു വീണാണ് മരിച്ചത്. ലിസിയാണ് മാതാവ്. ഏക സഹോദരൻ പ്രിൻസ്.