s

പാലാ: കളിക്കൂട്ടുകാരായിരുന്ന 'ഏലമ്മച്ചി 'യ്ക്കും 'വാവക്കൊച്ചിനും ' ഒരേ കല്ലറയിൽ അന്ത്യനിദ്ര. ഒരേ ദിവസം മരിച്ച മുത്തശ്ശിയുടെയും കൊച്ചുമോളുടെയും സംസ്‌ക്കാരം ഇന്നലെ വൈകിട്ട് പാലാ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലാണ് നടന്നത്. വെള്ളിയേപ്പള്ളി ഇളം പുരയിടത്തിൽ ഏലിക്കുട്ടി സെബാസ്റ്റ്യനും (88),മകന്റെ മകൻ റിജോയുടെ ഇളയ മകൾ ഒരു വയസ്സുകാരി ഹെൽന യുമാണ് ചൊവ്വാഴ്ച മരിച്ചത്.

ഹെൽനയും ഏലിക്കുട്ടിയും വീട്ടിലെ 'കളിക്കൂട്ടുകാരാ 'യിരുന്നു. ഹെൽനയ്ക്ക് ഏലിക്കുട്ടി 'ഏലമ്മച്ചി ' ആയിരുന്നു. ഏലിക്കുട്ടിക്ക് ഹെൽന 'വാവക്കൊച്ചും'. പല്ലില്ലാത്ത ഏലിക്കുട്ടിയുടെ മോണകാട്ടിയുള്ള ചിരിയായിരുന്നൂ ഹെൽനയ്ക്ക് ഏറെ സന്തോഷം. ഏലിക്കുട്ടിയുടെ ചിരി കാണാൻ അവൾ കുഞ്ഞു കുസൃതികളും കാട്ടുമായിരുന്നൂവെന്ന് കുടുംബാംഗങ്ങൾ വേദനയോടെ ഓർമ്മിക്കുന്നു.

'ഏലമ്മച്ചീ ' എന്നുള്ള കുഞ്ഞിന്റെ കൊഞ്ചൽ വിളി കേൾക്കാൻ ഏലിക്കുട്ടിയും ഏറെ കൊതിച്ചു.
പ്രായത്തിന്റെ പങ്കപ്പാടുകളുണ്ടായിരുന്നൂ ഏലിക്കുട്ടിക്ക്. തന്റെ പ്രിയപ്പെട്ട 'വാവക്കൊച്ച് '' പനി കൂടി ആശുപത്രിയിലായതോടെ ഈ മുത്തശ്ശി മാനസികമായും തകർന്നു. മൂന്നാഴ്ചയോളമായി കോട്ടയം ഇ .എസ്. ഐ. ആശുപത്രിയിലായിരുന്നു ഹെൽന മോൾ. കുഞ്ഞിന് അസുഖം കൂടുതലാണെന്നു കേട്ടതോടെ ഏലിക്കുട്ടി ഏറെ അവശതയിലായി.

വാവക്കൊച്ചിനെ ഒരു നോക്കു കാണണമെന്ന് ഏലിക്കുട്ടി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇത് സാധിച്ചു കൊടുക്കാൻ നിവൃത്തി ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ വാവക്കൊച്ചിന്റെ ഓർമ്മകളുമായി ഈ മുത്തശ്ശി അന്ത്യശ്വാസം വലിച്ചു.
പ്രിയപ്പെട്ട ഏലമ്മച്ചി പോയതറിയാതെ ആശുപത്രിക്കിടയിൽ അബോധാവസ്ഥയിലായിരുന്നൂ അപ്പോൾ ഹെൽന മോൾ.

രാത്രി 9.30 ഓടെ അവളും അച്ഛൻ റിജോ , അമ്മ സീമ, ചേച്ചി ഹൃദ്യ എന്നിവരെ വിട്ട് മുത്തശ്ശിക്ക് അരികിലേക്ക് പറന്നകന്നു.

ഇന്നലെ രാവിലെ ഇളം പുരയിടത്തിൽ വീട്ടിൽ രണ്ടു പേരുടെയും ഭൗതികദ്ദേഹങ്ങൾ പൊതു ദർശനത്തിനു കിടത്തിയപ്പോൾ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു. വൈകിട്ട് 3 മണിയോടെ പാലാ കത്തീഡ്രലിൽ നടന്ന ശവസംസ്‌ക്കാര ശുശ്രൂഷകളിലും നിരവധി പേർ പങ്കെടുത്തു. ഏലമ്മച്ചിയ്ക്കും വാവക്കൊച്ചിനും ഒരേ കബറിടത്തിൽ ഇനി നിത്യ നിദ്ര.