പാലാ: ഏഴാച്ചേരി-ആശ്രമം -കൊല്ലപ്പിള്ളി റൂട്ടിൽ ചീങ്കല്ലേൽ-കീപ്പാറെ വളവിലെ അപകടക്കെണി ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പി.ഡബ്ല്യൂ.ഡി റോഡ്‌സ് കോട്ടയം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീലേഖ ' കേരള കൗമുദി ' യോടു പറഞ്ഞു.

വാഹന യാത്രക്കാരെ അപകട ഭീതിയിലാക്കി കൽക്കെട്ടും സംരക്ഷണ വേലിയുമില്ലാത്ത റോഡ് ഭാഗം വാരിക്കുഴിയായി മാറിയത് കഴിഞ്ഞ ദിവസം ' കേരളകൗമുദി ' റിപ്പോർട്ട് ചെയ്തിരുന്നു. സംഭവ സ്ഥലത്തെപ്പറ്റിയും അപകടം ഒഴിവാക്കാൻ അടിയന്തിരമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചും ഉടൻ റിപ്പോർട്ട് നൽകാൻ പാലാ പി.ഡബ്ലൂ.ഡി. റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.

ഏഴാച്ചേരി ബാങ്ക് ജംഗ്ഷനിൽ നിന്നും കൊല്ലപ്പിള്ളി റൂട്ടിൽ അൻപതു മീറ്റർ മാറിയാണ് അപകട വളവ് സ്ഥിതി ചെയ്യുന്നത്. ഏഴാച്ചേരി വലിയതോടിനെ അതിരിട്ടാണിവിടെ കൊല്ലപ്പിള്ളി റോഡ്.

അടുത്തിടെ ഒരു കോടിയിൽപ്പരം രൂപാ ചിലവഴിച്ച് പൊതുമരാമത്ത് വകുപ്പ് മനോഹരമായി പുതുക്കിപ്പണിത റോഡാണിത്. റോഡിന്റെ പല ഭാഗങ്ങളിലും സുരക്ഷിതമായ കൽക്കെട്ടും , കോൺക്രീറ്റിംഗുമൊക്കെ നടത്തിയെങ്കിലും ചീങ്കല്ലേൽ കീപ്പാറ വളവിലെ ഏറ്റവും അപകടം പിടിച്ച ഈ ഭാഗത്ത് ഒരു പണിയും ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതിന് തൊട്ടടുത്തു വരെ റോഡിന്റെ, തോടിനോടു ചേർന്ന അരികിൽ കോൺക്രീറ്റ് ചെയ്യുകയും സംരക്ഷണ കൽകുറ്റികൾ സ്ഥാപിക്കുകയും ചെയ്തപ്പോഴും അപകടമേറിയ ഭാഗത്തെ അധികാരികൾ അവഗണിക്കുകയായിരുന്നൂ എന്നാണ് ജനങ്ങളുടെ പരാതി.

ഒരു സ്വകാര്യ ബസ്സുൾപ്പെടെ നിത്യേന നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണിത്. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിനു കാൽനടയാത്രക്കാരുമുണ്ട്. പാലാ രാമപുരം ഭാഗങ്ങളിലേക്ക് പോകാനായി ഏഴാച്ചേരി ബാങ്ക് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേക്ക് കൂടുതൽ ആളുകളെത്തുന്നതും ഇതു വഴിയാണ്.

ചീങ്കല്ലേൽ കീപ്പാറ വളവിൽ ഇതേ വരെ കാര്യമായ അപകടങ്ങളൊന്നും ഉണ്ടാകാത്തത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് യാത്രക്കാരും, നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.