പാലാ : ഏറ്റുമാനൂർ-പാലാ റോഡിൽ കട്ടച്ചിറ പാലം മുതൽ ചേർപ്പുങ്കൽ ചകിണിപ്പാലം വരെ ഹൈവേ റോഡ് ബി.സി. നിലവാരത്തിൽ നവീകരിക്കുന്നതിന് സംസ്ഥാന സർക്കാർ 3.50 കോടി രൂപ അനുവദിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് എം.എൽ.എ. വ്യക്തമാക്കി. പാലാ-ചേർപ്പുങ്കൽ റോഡ് ഭാഗവും ഏറ്റുമാനൂർ കട്ടച്ചിറ ഭാഗവും കഴിഞ്ഞ വർഷം ബി.സി. നിലവാരത്തിൽ നവീകരിച്ചിരുന്നു. കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ വരുന്ന ഭാഗം കഴിഞ്ഞവർഷം അറ്റകുറ്റപ്പണികൾ ചെയ്യുകയാണുണ്ടായത്. ഇപ്രാവശ്യം ഈ ഭാഗം നവീകരിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എ. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുടർ നടപടി ഉണ്ടായിരിക്കുന്നത്. ഹൈവേ റോഡ് നവീകരണത്തോടൊപ്പം കിടങ്ങൂർ ജംഗ്ഷനിലെ ഫുട്പാത്തിന്റെ അറ്റകുറ്റപണികളും നടപ്പാക്കുന്നതിന് എം.എൽ.എ. നിർദ്ദേശം നൽകിയിട്ടുണ്ട്. കുമ്മണ്ണൂർ കയറ്റഭാഗത്ത് റോഡിന്റെ ഇരുവശത്തും നിലനിൽക്കുന്ന അപകടാവസ്ഥ പരിഹരിക്കുന്നതിന് പരമാവധി വീതിയെടുത്ത് റോഡുസൈഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി എത്രയും വേഗം പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചതായും മോൻസ് ജോസഫ് അറിയിച്ചു