പാലാ : ഒരു തുള്ളി വെള്ളമില്ല..... ഭക്ഷണം കഴിച്ചിട്ട് കൈ ഒന്നു കഴുകാൻ.... ബാത്ത് റൂമിൽ പോയിട്ടൊന്നൊഴിക്കാൻ .... ഏതെങ്കിലും നാട്ടിലെ കാര്യമല്ല ഇത് ; വിവിധ അധികാരികളുള്ള പാലാ മിനി സിവിൽ സ്റ്റേഷനിലെ അവസ്ഥയാണിത് !
വെള്ളമില്ലാത്തതു മൂലം പാലാ മിനി സിവിൽ സ്റ്റേഷന്റെ പ്രവർത്തനം താളംതെറ്റുകയാണ്. കഴിഞ്ഞ നാല് ദിവസമായി കുടിക്കാനോ, പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനോ തുള്ളിപോലും വെള്ളമില്ലാതെ സിവിൽ സ്‌റ്റേഷൻ ജീവനക്കാർ വലയുന്നു.
കുടിക്കാനോ, പാത്രം കഴുകാനോ, ശുചിമുറികളിൽ കയറാനോ ആവാതെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് സിവിൽ സ്‌റ്റേഷനിലെത്തിയവരും വലയുന്ന അവസ്ഥയാണ്. അൻപതോളം ഓഫീസുകളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. ഇരുനൂറ്റമ്പതോളം വനിതാ ജീവനക്കാരും ഇതിന് ഇരട്ടിയോളം പുരുഷന്മാരും ഇവിടെ ജോലിക്കെത്തുന്നുണ്ട്. നൂറുകണക്കിനുപേർ വിവിധ ആവശ്യങ്ങൾക്കായി ദിവസവും ഇവിടെ എത്തുന്നു. ഭക്ഷണം കഴിക്കാനും കഴുകാനും വെള്ളമില്ലാത്ത അവസ്ഥയിൽ പലരും ഹോട്ടലുകളെ ആശ്രയിക്കുകയാണ്.
കടകളിൽ നിന്ന് കുടിവെള്ളം വാങ്ങിയാണ് ഓഫീസുകളിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. കുടിവെള്ളം മുട്ടിയ അന്നു തന്നെ ജല അതോറിട്ടി അധികൃതരെ വിവരം അറിയിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല.
സിവിൽ സ്റ്റേഷനിലെ ജലവിതരണം ഉടൻ പുന:സ്ഥാപിക്കണം
സിവിൽ സ്റ്റേഷനിലെ ജലവിതരണം പുനസ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കണയെടുക്കണമെന്ന് പാലാ പൗരസമിതി യോഗം ആവശ്യപ്പെട്ടു. പി. പോത്തൻ, സേബി വെള്ളരിങ്ങാട്ട്, രാജു പുതുമന, ബേബി കീപ്പുറം, സോജൻ ഇല്ലിമൂട്ടിൽ, ജെയിംസ് ചാലിൽ, ജോയി ചാലിൽ എന്നിവർ പ്രസംഗിച്ചു.