sreedaran-pilla

കോട്ടയം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് മലങ്കര ഓർത്തോഡ്ക്സ് സഭ അൽമായവേദിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും സ്നേഹവിരുന്നും. ഇന്നലെ വൈകിട്ട് കോട്ടയം ചുങ്കത്തുള്ള പഴയ സെമിനാരിയിൽ ക്ഷണിച്ചുവരുത്തിയായിരുന്നു സ്വീകരണം. അൽമായവേദി ഭാരവാഹികൾക്കുപുറമെ സഭയുടെ അഹമ്മദാബാദ് ഭദ്രാസനം മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ യൂലിയോസും സംബന്ധിച്ചു. എന്നാൽ സ്വീകരണച്ചടങ്ങ് സഭയുടെ പൊതുപരിപാടിയല്ലെന്ന് അൽമായവേദി നേതാക്കളും മെത്രാപ്പോലീത്തയും വ്യക്തമാക്കി. സഭതർക്കത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ശ്രീധരൻപിള്ള പരസ്യമായി പ്രകടിപ്പിച്ച നിലപാടിനോടുള്ള നന്ദിപ്രകടനമാണ് സ്വീകരണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

അതേസമയം എല്ലാ വിഭാഗം മതപണ്ഡിതന്മാരുടേയും ഉപദേശങ്ങൾ സ്വീകരിക്കുകയും അതിലെ നന്മ ഉൾക്കൊള്ളുകയും ചെയ്യുന്ന ആളാണ് താനെന്ന് ശ്രീധരൻപിള്ള പറഞ്ഞു. വിദ്യാർത്ഥിയായിരുന്ന കാലത്ത് നാട്ടിലെ പള്ളിയിൽ മെഴുകുതിരി കത്തിച്ചിട്ട് പരീക്ഷ എഴുതാൻ പോയതും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പരുമല പള്ളിയിൽ ആരുമറിയാതെ തിരികത്തിക്കാൻ പോയതുമൊക്കെ അദ്ദേഹം അനുസ്മരിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ.ഹരിയും ഒപ്പമുണ്ടായിരുന്നു. അൽമായ വേദി പ്രസിഡന്റ് കെ.വി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോമസ് ചാണ്ടി സ്വാഗതവും ഫിലിപ്പോസ് നന്ദിയും പറഞ്ഞു.