ഏറ്റുമാനൂർ: കഞ്ചാവ് നട്ടുവളർത്തി ഉണക്കി വിറ്റിരുന്നയാൾ പിടിയിൽ. ഏറ്റുമാനൂർ തെള്ളകം മുണ്ടകപ്പാടം പുത്തൻപറമ്പിൽ വിജുമോൻ (41) ആണ്
ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പിടിയിലായത്.
കഞ്ചാവ് ചെടിയും 25 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സ്കൂൾ, കോളേജ് കുട്ടികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഒരാഴ്ചയായി നിരീക്ഷിച്ച് വരികയായിരുന്നു. കഞ്ചാവ് ചെടി വീട്ടിൽ നട്ടുവളർത്തിയ ശേഷം വിളവെടുത്ത് ഉണക്കി വിൽക്കാറുണ്ടെന്നും തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് എത്തിക്കാറുണ്ടെന്നും ലോറി ഡ്രൈവറായ പ്രതി എക്സൈസിനോട് പറഞ്ഞു.
അഞ്ച് ചെടികൾ നട്ടതിൽ നാല് എണ്ണം പറിച്ച് ഉണക്കി വിറ്റു. ബാക്കി നിന്ന ചെടിയാണ് കണ്ടെടുത്തത്. ഒരു കഞ്ചാവ് ചെടി വളർത്തിയാൽ പോലും പത്ത് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്. പ്രതിയെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. റെയ്ഡിൽ അസി. ഇൻസ്പെക്ടർ സുനിൽ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സജിമോൻ ,ജോസ്, അനു ഗോപിനാഥ്, സി.ഇ.ഒ മാരായ ഷെഫീഖ്, അജു, ആരോമൽ, സജു, സുരേഷ് ബാബു, നോബി എന്നിവർ പങ്കെടുത്തു.