കോട്ടയം: കസ്റ്റഡിയിലെടുത്ത ആട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചെന്ന പരാതിയിൽ പാല സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ജോബി ജോർജിനെ ജില്ല പൊലീസ് മേധാവി പി.എസ്. സാബു സസ്പെൻഡ് ചെയ്തു.

മദ്യപിച്ച് വാഹനം ഓടിച്ചെന്ന പേരിൽ കസ്റ്റഡിയിലെടുത്ത പാല കരൂർ കുളത്തുംമാട്ടേൽ അഖിൽ ബോസിനെ (32) മർദ്ദിച്ചെന്ന പരാതിയിലാണ് നടപടി. 15ന് രാത്രി ആട്ടോറിക്ഷ ഓടിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അഖിലിനെ പൊലീസ് പിടികൂടിയത്. കാൻസർ രോഗിയാണെന്നും മദ്യപിച്ചിട്ടില്ലെന്നും പറഞ്ഞെങ്കിലും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി മ‌ർദ്ദിച്ചെന്നാണ് അഖിൽ പറയുന്നത്. അന്നുരാത്രി തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച ഇയാളെ ബന്ധുക്കൾ പാല ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാത്തിലാണ് എ.എസ്.ഐ യെ സസ്പെഡ് ചെയ്തത്. അഖിലിനെ കസ്റ്റഡിയിലെടുത്തത് വൈദ്യപരിശോധന നടത്താതെയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഖിൽ എട്ടുതവണ കീമോ തെറാപ്പിയ്ക്ക് വിധേയനായിട്ടുള്ളയാളാണെന്ന് സഹോദരൻ അനൂപ് പറഞ്ഞു.