വൈക്കം:പഠനം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ 13 കാരിയായ വിദ്യാർഥിനിയെ ശാരീരികമായി അപമാനിച്ച അയൽക്കാരനായ ഗൃഹനാഥനെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സാമുദായിക സംഘടന പ്രക്ഷോഭത്തിനൊരുങ്ങുന്നു. വൈക്കം വെച്ചൂർ സ്വദേശിനിയും പട്ടികജാതി വിഭാഗക്കാരിയുമായ 13 കാരിക്കാണ് കഴിഞ്ഞ മാസം 17 ന് വൈകിട്ട് സമീപവാസിയായ 45 കാരനിൽ നിന്ന് ദുരനുഭവമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ പെൺകുട്ടിയെ വീടിനു സമീപത്തെ വഴിയിൽ തടഞ്ഞു നിർത്തി അപമാനിച്ചുവെന്നാണ് പരാതി. പെൺകുട്ടിയും മാതാപിതാക്കളും സ്‌കൂൾ അധികൃതരെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ ഭാരവാഹികളെ അറിയിച്ചു. ചൈൽഡ് ലൈൻ മുൻകൈയെടുത്താണ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ വൈക്കം ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടം. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പൊലീസ് നിയമ നടപടി സ്വീകരിച്ചില്ലെന്നും നാട്ടിൽ അപമാനിതരായി ഒറ്റപ്പെട്ട തങ്ങൾ ആത്മഹത്യയുടെ വക്കിലാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. പൊലീസിൽ പരാതി നൽകുകയും കോടതിയിൽ മജിസ്‌ടേറ്റ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തിട്ടും ബാഹ്യ സ്വാധീനത്തെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിക്കാൻ വിമുഖത കാട്ടുന്നതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ചടക്കമുള്ള സമരപരിപാടികളുമായി രംഗത്തു വരാനുള്ള തയ്യാറെടുപ്പിലാണ് കെ. പി. എം. എസ്. അടക്കമുള്ള പട്ടികജാതി സംഘടനകൾ.