കോട്ടയം: ആദ്യവിവാഹത്തിലെ മകൻ അവിഹിതത്തിന് ശല്യമായി, അമ്മയും കാമുകനും അമ്മയുടെ സഹോദരിയും സഹോദരീഭർത്താവും ചേർന്ന് അഞ്ചു വയസുകാരനെ കഴുത്തറുത്തു കൊന്നു. കേരള - തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കോംബൈയിൽ ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

സംഭവത്തിൽ അമ്മ ഗീത (25), കാമുകൻ ഉദയകുമാർ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭർത്താവ് കാർത്തിക് (25) എന്നിവർ തേനി പൊലീസിന്റെ വലയിലായി. അറസ്റ്റിലായ നാലു പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

കോംബൈ മധുരവീരൻ സ്ട്രീറ്റിൽ മുരുകൻ-ഗീത ദമ്പതികളുടെ മകനാണ് അരുംകൊലചെയ്യപ്പെട്ടത്. രണ്ടു വർഷം മുമ്പ് മുരുകനുമായി പിണങ്ങിയ ഗീത, ഉദയകുമാറിനൊപ്പം താമസം തുടങ്ങിയിരുന്നു. ഗീതയുടെ മാതാപിതാക്കൾ താമസിക്കുന്ന സ്ട്രീറ്റിൽ തന്നെയാണ് ഇവരും താമസിച്ചിരുന്നത്. ആദ്യബന്ധത്തിലെ കുട്ടി ഗീതയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

ഇടയ്ക്കിടയ്ക്ക് അമ്മയെ കാണാൻ കുട്ടി ഗീതയുടെ വീട്ടിൽ എത്തിയിരുന്നു. ഇതേച്ചൊല്ലി ഗീതയും ഉദയകുമാറും തമ്മിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭർത്താവ് കാർത്തിക്കും ഉദയകുമാറിന്റെ വീട്ടിൽ സ്ഥിരം സന്ദർശകരായിരുന്നു. ഇതിനിടയിൽ ഗീതയും കാർത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇതോടെ ഗീതയുടെ കുട്ടി ഇടയ്ക്കിടയ്ക്ക് അമ്മയെ കാണാൻ എത്തുന്നത് ഗീതയ്ക്കും മറ്റ് മൂന്നുപേർക്കും തടസമായി. തങ്ങളുടെ അവിഹിതബന്ധം കുട്ടി അറിയുമോയെന്ന ഭയം ഇവരെ അലട്ടി. ഇതോടെ കുട്ടിയെ കൊലപ്പെടുത്താൻ നാലുപേരും ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു.

പദ്ധതി അനുസരിച്ച് രാത്രി ഒൻപതു മണിയോടെ കോംബൈ മൃഗാശുപത്രിക്ക് സമീപമുള്ള ചുടുകാട്ടിൽ കാർത്തിക് തന്റെ ഓട്ടോറിക്ഷയിൽ ഗീത, ഉദയകുമാർ, ഭുവനേശ്വരി എന്നിവരെ ഇറക്കിവിട്ടു. തുടർന്ന് നടന്ന് വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.

ചുടുകാട്ടിൽ എത്തിച്ച അഞ്ചു വയസുകാരനെ കല്ലുകൊണ്ട് തലയ്കിടിച്ച് വീഴ്ത്തി കൊലപ്പെടുത്തി. മരണം ഉറപ്പാക്കാൻ കറുത്തറുത്തു. മൂന്നു പേർ ചേർന്നാണ് കൃത്യം നിർവഹിച്ചത്. ആരെങ്കിലും വരുന്നുണ്ടോയെന്നറിയാൻ പെറ്റമ്മയായ ഗീത ചുടുകാട്ടിനു മുമ്പിൽ കാവൽ നിന്നു.

കൃത്യത്തിന് ശേഷം തന്റെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി സേലം പൊലീസിൽ ഗീത പരാതി നല്കി. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ചുടുകാട്ടിൽ ഒരു കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ പൊലീസ് എത്തി തെളിവുകൾ ശേഖരിച്ചു.

രാത്രി ഒൻപതു മണിയോടെ കാർത്തിക്കിന്റെ ഓട്ടോറിക്ഷ അതുവഴി പോവുന്നതിന്റെ ദൃശ്യം സമീപത്തെ സി.സി ടി.വിയിൽ തെളിഞ്ഞിരുന്നു. കാർത്തിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് അരുംകൊലയുടെ ചുരുളുകൾ നിവർന്നത്.