തലയോലപ്പറമ്പ് : സംസ്ഥാന ലൈബ്രറി കൗൺസിൽ വിദ്യാർത്ഥികളിലെ വായന ശീലം വളർത്തുന്നതിനും ലൈബ്രറി പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നടപ്പാക്കുന്ന സ്‌കൂളുകളിൽ എഴുത്തുപെട്ടി പരിപാടിയുടെ ഉദ്ഘാടനം ഇന്ന് കാരിക്കോട് കെ. എ. എം. യു. പി. എസിൽ നടക്കും. കാരിക്കോട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ലൈബ്രറിയിൽ നിന്നും വിദ്യാർത്ഥികൾ വായിക്കുന്ന പുസ്തകങ്ങളെ ആസ്പദമാക്കി ഓരോ ടേമിലും അവർ തയ്യാറാക്കുന്ന നോട്ടുകൾ എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുകയും, അദ്ധാപക പിറ്റിഎ ലൈബ്രറി പ്രതിനിധികൾ ഇവ പരിശോധിച്ച് സമ്മാനാർഹരെ കണ്ടെത്തി ക്യാഷ് അവാർഡ് നൽകുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നതെന്ന് ലൈബ്രറി കൗൺസിൽ താലൂക്ക് എക്‌സിക്യൂട്ടീ അംഗം ടി. എ. ജയകുമാർ പറഞ്ഞു.രാവിലെ 9.30ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.യു.വാവ നിർവഹിക്കും. താലൂക്ക് സെക്രട്ടറി റ്റി. കെ. നാരായണൻ നായർ, താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം ടി. എ. ജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിജി സുരേഷ്, സിനി ജയിൻ, സ്‌കൂൾ മാനേജർ അബു മാത്യു, സ്‌കൂൾ ഹെഡ്മാസ്റ്റർ എബി സഖറിയ, പി. റ്റി. എ. പ്രസിഡന്റ് എം. ആർ. ഷാജി, ലൈബ്രറി സെക്രട്ടറി കെ. എസ്. സുനിൽ തുടങ്ങിയവർ പങ്കെടുക്കും.