എലിക്കുളം : കർഷകരുടെ ആശയും ആവേശവുമായ എലിക്കുളം നാട്ടുചന്ത മൂന്നാം വാരത്തിലെത്തിലേക്ക് കടന്നു. എലിക്കുളം ഗ്രാമപഞ്ചായത്തും, കൃഷിഭവനും, തളിര് പച്ചക്കറി ഉത്പാദക സംഘവും സംയുക്തമായി തുടക്കമിട്ടതാണ് നാട്ടുചന്ത. കുരുവിക്കൂട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചന്തയിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുകയും ആവശ്യമുള്ളവ വാങ്ങുകയും ചെയ്യാം. എല്ലാ വ്യാഴാഴ്ചയും രാവിലെ 7 മുതൽ 1 വരെ നടക്കുന്ന ചന്തയിൽ വളർത്തു മൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ ലേലവുമുണ്ട്. നാടൻ പച്ചക്കറികൾ, വാഴക്കുലകൾ, തേൻ, പണി ആയുധങ്ങൾ, എലിക്കുളത്തെ പാടശേഖരങ്ങളിൽ വിളഞ്ഞ അരി, ഉഴുന്ന് എന്നിവയും വില്പനയ്ക്കായുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി യഥാർത്ഥ വില ലഭിക്കാൻ നാട്ടുചന്ത മൂലം സാധിക്കുന്നുണ്ട്. വളർത്തു മൃഗങ്ങളും, പക്ഷികളുടേയും ലേലം കൊള്ളുവാൻ നിരവധി പേരാണ് സമീപ പ്രദേശങ്ങളിൽ നിന്നെത്തുന്നത്. വ്യാഴാഴ്ച നടന്ന നാട്ടുചന്തയുടെ ഉദ്ഘാടനം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുമംഗല ദേവി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട് അദ്ധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ നിസ്സ ലത്തീഫ് ,അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ.അലക്‌സ് റോയി, തളിര് പച്ചക്കറി ഉത്പാദക സംഘം പ്രസിഡന്റ് ബേബി വെച്ചൂർ, കാപ്പുകയു പാടശേഖര സമതി സെക്രട്ടറി ജസ്റ്റിൻ മണ്ഡപം, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, കറിയാച്ചൻ ഇടശ്ശേരി പവ്വത്ത്, സാവിച്ചൻ പാംപ്ലാനിയിൽ, ജിബിൻ വെട്ടം, ഔസേപ്പച്ചൻ ഞാറയ്ക്കൽ, അനിൽകുമാർ മഞ്ചക്കുഴിയിൽ, സോണിച്ചൻ ഗണപതി പ്ലാക്കൽ, രാജു അമ്പലത്തറ, വിൽസൺ പാമ്പൂരിയ്ക്കൽ എന്നിവർ സംസാരിച്ചു.