bsnl

ചങ്ങനാശേരി: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചങ്ങനാശേരിയിലെ ആദ്യ ബി.എസ്.എൻ.എൽ ഓഫീസ് കെട്ടിടം കാടുകയറി നശിക്കുന്നു. രാജഭരണകാലത്ത് തുടങ്ങിയ ഈ ഓഫീസിൽ അന്ന് രണ്ടായിരത്തിലേറെ ജീവനക്കാരുണ്ടായിരുന്നു. പിന്നീട് ജീവനക്കാരുടെ എണ്ണം കുറഞ്ഞു. വട്ടപ്പള്ളിയിലെ പുതിയ കെട്ടിടത്തിലേയ്ക്ക് എക്സ്ചേഞ്ച് മാറിയതോടെ പഴയ കെട്ടിടം ഉപയോഗശൂന്യവുമായി. വലിയ മരങ്ങൾ കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ചുറ്റുമതിലിനോടു ചേർന്നു പടർന്നു പന്തലിച്ചു നിൽക്കുകയാണ്. മുൻപ് ഇവിടെ മിലിട്ടറി ആശുപത്രി തുടങ്ങുന്നതിനു പദ്ധതി ആവിഷ്‌കരിച്ചെങ്കിലും നടപടികൾ ഒന്നുമായില്ല. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. ഈ കെട്ടിടം മറ്റാവശ്യങ്ങൾക്ക് വാടകയ്ക്ക് കൊടുത്താൽ ബി.എസ്.എൻ.എല്ലിന് അതിലൂടെ ലാഭമുണ്ടാകുമെന്നാണ് മുൻജീവനക്കാർ പറയുന്നത്. കെട്ടിടം സംരക്ഷിക്കുന്നതിന് വേണ്ടനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബി.എസ്.എൻ.എൽ. അധികൃതർ പറയുന്നു.