തലയോലപ്പറമ്പ് : തലയോലപ്പറമ്പ് കാഞ്ഞിരമറ്റം റോഡിൽ തലപ്പാറ മുതൽ നീർപ്പാറ വരെയുള്ള 6 കിലോമീറ്റർ ഭാഗത്ത് വളവുകൾ നിവർത്തി ഫുട്പാത്ത് നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിക്കണമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. ഗതാഗത തിരക്കേറിയ റോഡിൽ കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ സുരക്ഷിതമായ മാർഗം ഇല്ലാത്തതിനാൽ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ വളവിൽ നിയന്ത്രണം വിട്ട് പോകുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. റോഡിലെ കൊടുംവളവുകൾ നിവർത്തണമെന്ന് പതിറ്റാണ്ടുകളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് തികഞ്ഞ നിഷ്‌ക്രിയത്വമാണ് ഇക്കാര്യത്തിൽ പുലർത്തുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ 15 ന് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. വരിക്കാംകുന്ന് ഭാഗത്ത് റോഡിലേക്ക് ചാഞ്ഞ് കിടക്കുന്ന വാകമരം അടുത്ത ദിവസം വെട്ടിമാറ്റുമെന്നും റോഡിലേക്ക് ഇറങ്ങി ഗതാഗതത്തിന് തടസമായി നിൽക്കുന്ന കുറ്റൽ ആഞ്ഞിലിമരം വെട്ടിമാറ്റുന്നതിന് ഫോറസ്റ്റ് അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അതിന്റെ അനുമതി ലഭിച്ചാൽ ഉടൻ മരം വെട്ടിമാറ്റുമെന്നും അധികൃതർ പറഞ്ഞു.

വടകര ഭാഗത്ത് കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാനായി ക്രാഷ് ബാരിയർ കഴിഞ്ഞ ദിവസം സ്ഥാപിച്ചിട്ടുണ്ട്, വരിക്കാംകുന്ന്, വടകര, വെട്ടിക്കാട്ട് മുക്ക് ഭാഗങ്ങളിൽ അപകടസൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

തലയോലപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ഗിരീഷ്

*റോഡിലേക്ക് ചാഞ്ഞ് കിടക്കുന്ന വാകമരം വെട്ടിമാറ്റും

*സൂചന ബോർഡുകൾ സ്ഥാപിച്ചു

*ആഞ്ഞിലിമരം വെട്ടിമാറ്റുന്നതിന് ഫോറസ്റ്റ് അധികൃതർക്ക് റിപ്പോർട്ട് നൽകി

*കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാനായി ക്രാഷ് ബാരിയർ സ്ഥാപിച്ചു