മരങ്ങാട്ടുപിള്ളി : മഴ കനത്താൽ ഇലയ്ക്കാട് വില്ലേജ് ഓഫീസ് ജീവനക്കാരുടെയുള്ളിൽ ആധിയാണ്. മഴയിൽ ചോർന്നൊലിച്ച് ഏതുനിമിഷവും ഇടിഞ്ഞുവീഴാറായ നിലയിലാണ് കെട്ടിടം. മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ കടപ്ലാമറ്റം റോഡരികിലാണ് കാലപ്പഴക്കത്തിൽ ജീർണിച്ച ഈ വില്ലേജ് ഓഫീസ് മന്ദിരം. മേൽക്കൂരയിലെ കോൺക്രീറ്റ് കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലാണ്. ഭിത്തികൾ വിണ്ടുകീറി. ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാനോ ജീവനക്കാർക്കു സ്വസ്ഥമായി ഇരുന്നു ജോലി ചെയ്യാനോ സൗകര്യമില്ല. എന്തിന് ആവശ്യത്തിന് ശൗചാലയങ്ങൾ പോലുമില്ല.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇലയ്ക്കാട് വില്ലേജിനെ സ്മാർട്ട് വില്ലേജിൽപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ 14 വില്ലേജോഫീസുകൾ സ്മാർട്ട് ഓഫീസാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം.സ്മാർട്ടായില്ലെങ്കിലും വേണ്ട സുരക്ഷിത കെട്ടിടം മതിയെ എന്നാണ് ജീവനക്കാർ പറയുന്നത്. ഓഫീസിന്റെ വാതിലുകളും ജനലകളും തകർന്നു തുടങ്ങി. മേൽക്കൂര ചോർന്നൊലിക്കുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിരിക്കുകയാണ്. മഴവെള്ളം വീണ് ഭിത്തിയിൽ പലയിടത്തും പായൽ പിടിച്ചിട്ടുണ്ട്. ദിനംപ്രതി വിവിധ സേവനങ്ങൾക്കായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഇടമില്ലാത്തത് ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

കെട്ടിടം നിർമ്മിച്ചത് : 1981ൽ

സ്ഥലമുണ്ട്, എന്ത് പ്രയോജനം
വില്ലേജ് ഓഫീസിനോട് ചേർന്ന് 50 സെന്റ് സ്ഥലമുണ്ട്. കെട്ടിടനിർമ്മാണത്തിനായി മോൻസ് ജോസഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ ഇടപെടൽ നടത്തിയതിനെ തുടർന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എസ്റ്റിമേറ്റും രൂപരേഖയും തയ്യാറാക്കിയിരുന്നു. എന്നിട്ടും തുടർനടപടികളുണ്ടായില്ല.

ചോർന്നൊലിക്കുന്ന മേൽക്കൂര,

വിണ്ടുകീറിയ ഭിത്തി

പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയിരിക്കുന്നു

ഫയലുകൾ സൂക്ഷിക്കാനിടമില്ല

''

കെട്ടിടത്തിന്റെ ജീർണാവസ്ഥ അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടർനടപടികൾ ഒന്നും ആയിട്ടില്ല
വില്ലേജ് ഉദ്യോഗസ്ഥൻ"