പാലാ : രണ്ട് ദിവസമായ തുടരുന്ന കനത്ത മഴയിൽ മീനച്ചിൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകനാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കനത്ത മഴയെ തുടർന്ന് മീനച്ചിലാർ കരകവിയാറായി. കലങ്ങി മറിഞ്ഞൊഴുകുന്ന പുഴ, താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ആശങ്ക പടർത്തുകയാണ്.
ഈരാറ്റുപേട്ട - വാഗമൺ റൂട്ടിൽ കാരികാട് ടോപ്പിൽ രാവിലെ മണ്ണിടിച്ചിലുണ്ടായി. തിട്ടയിടിഞ്ഞ് ലോഡ് കണക്കിന് മണ്ണാണ് റോഡിലേയ്ക്ക് വീണത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് റോഡ് ഗതാഗതം പുനസ്ഥാപിച്ചത്. ഈരാറ്റുപേട്ടയിലേയ്ക്കും വാഗമണ്ണിലേയ്ക്കുമുള്ള വാഹനഗതാഗതം ഏറെനേരം മുടങ്ങി. ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾക്ക് മണിക്കൂറുകൾക്ക് ശേഷമാണ് കടന്നുപോകാനായത്.
പൂഞ്ഞാർ പഞ്ചായത്തിൽ രണ്ടിടങ്ങളിൽ വീടുകൾക്കും നാശം സംഭവിച്ചു. പൂഞ്ഞാറിന് സമീപം റോഡരികിലെ മരം കടപുഴകീ വീണ് ഒരു വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പൂഞ്ഞാർ മറ്റയ്ക്കാട്ട് വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് രണ്ട് വീടുകൾ അപകടാവസ്ഥയിലായി. മാളിയേക്കൽ സുരേഷിന്റെ വീടിന്റെ മുറ്റമാണിടിഞ്ഞത്. തൊട്ടടുത്തെ താമസക്കാരനായ ഉപ്പൂട്ടിൽ ബിജുവിന്റെ വീടിന്റെ മുറ്റത്തേയ്ക്കാണ് കല്ലുംമണ്ണും പതിച്ചത്.
മഴ ശക്തിപ്പെട്ടതോടെ മീനച്ചിലാറ്റിൽ ജലനിരപ്പും ഉയരുകയാണ്. പലയിടങ്ങളിലും പാലങ്ങൾക്കൊപ്പം ജലനിരപ്പുയർന്നിട്ടുണ്ട്. മഴ തുടർന്നാൽ പാലാ അടക്കം താഴ്ന്ന മേഖലകളിൽ വെള്ളം കയറുമെന്ന ആശങ്കയുണ്ട്. ഇതിനിടെ, സമൂഹമാദ്ധ്യമങ്ങൾ വഴി ഉരുൾപൊട്ടലുണ്ടായെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതും ആശങ്ക പരത്തുന്നുണ്ട്. അതേസമയം, ഉച്ചയോടെ മഴ ശമിച്ചത് ആശ്വാസമായി. വൈകിട്ട് വീണ്ടും കനത്ത മഴ തുടരുന്നത് മലയോര മേഖലകളിൽ ആശങ്കയുളവാക്കുന്നുണ്ട്.