വൈക്കം: ശക്തമായ കാറ്റിലും മഴയിലും വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ ഇന്നലെ കൂട്ടത്തോടെ കടപുഴകിയും ഒടിഞ്ഞും വീണതോടെ ഫയർഫോഴ്‌സിന് വിശ്രമമില്ലാത്ത ദിവസമായിരുന്നു. ഇന്നലെ രാവിലെ 10.30 ഓടെയാണ് ഫയർഫോഴ്‌സിനെ തേടി ആദ്യ കോൾ വന്നത്. വെച്ചൂർ ഗുരുമന്ദരത്തിന്റെ സമീപം താമസിക്കുന്ന നടിച്ചിറയിൽ കുലുസം ബിവിയുടെ വീടിന് മുകളിൽ മാവ് വീണു വീട് ഭാഗികമായി തകർന്ന സംഭവത്തിനായിരുന്നു. ഫയർ ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റുന്നതിനിടയിൽ 12 മണിയോടെ കാട്ടികുന്നിൽ നിന്നും അടുത്ത ഫോൺ വിളി എത്തി പള്ളികുന്നേൽ സലിമിന്റെ വീടിന്റെ മുകളിൽ പുരയിടത്തിലെ പ്ലാവ് മരം വീണ് വീടിന്റെ അടുക്കളയ്ക്ക് കേട് പാടുകൾ സംഭവിച്ചിരുന്നു. ഫയർ യൂണിറ്റെത്തി മരം മുറിച്ച് നീക്കി മടങ്ങുന്നതിനിടയിൽ വൈകിട്ട് 3 മണിയോടെ കുലശേഖരമംഗലം കരിയിൽ ഷെയ്ക്ക് പരീതിന്റെ പുരയിടത്തിൽ നിന്ന കൂറ്റൻ പുളിമരം വൈദ്യുത ലൈനിന് മുകളിലൂടെ കടപുഴകി റോഡിൽ വീണിടത്തേക്ക് പാഞ്ഞു.പുളിമരം വെട്ടി മാറ്റി അപകടാവസ്ഥ ഒഴിവാക്കിയതും ഇതാ എത്തി 4 മണിയോടെ അടുത്ത വിളി ശ്രീനാരായണപുരത്തു നിന്നും ഭീമൻ ചെമ്പക മരം റോഡിന് കുറുകെ കടപുഴകി വീണ് ഗതാഗത തടസസപ്പെട്ടിടത്തേക്ക് അവിടെ എത്തി ഇലട്രിക്ക് ലൈൻ കടന്ന് പോകുന്ന പോസ്റ്റുകളും മതിലും തകർത്ത ചെമ്പക മരം രണ്ട് മണിക്കൂറോളം പണിപ്പെട്ട് മുറിച്ചു മാറ്റി മടങ്ങുന്നതിനിടെ എത്തി അഞ്ചാമത്തെ വിളി വൈക്കം മുനിസിപ്പൽ സ്റ്റന്റിങ് കമ്മിറ്റി ചെയർമാൻ ബിജു വി. കണ്ണേഴന്റെ വീടിന്റെ മുകളിൽ തെക്ക് മരം കടപുഴകി വീണതുമായി ബന്ധപ്പെട്ടായിരുന്നു കോൾ. രാത്രി 7മണിയോടെയായിരുന്നു അത് ഫയർ ഫോഴ്‌സ് എത്തി ഒരു മണിക്കൂർ കൊണ്ട് മരം വെട്ടി മാറ്റിയപ്പോഴേക്കും രാത്രി 8 മണിയായി. വൈക്കം ഫയർ ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാർ, ലീഡിങ് ഫയർമാൻ സി. ആർ ജയകുമാർ ഫയർമാൻമാരായ എസ്. രഞ്ജിത്, മഹേഷ് രവീന്ദ്രൻ, എ. ആർ രഞ്ജിത് അനീഷ് , രമേഷ്, ജോസ്, ഫയർമാൻ ഡ്രൈവർമാരായ കെ. പി പ്രശാന്ത് പ്രസ്സു. എസ് ദർശൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റുകൾ ഓടിയെത്തിയാണ് ഇവിടങ്ങളിലെല്ലാം രക്ഷാപ്രവർത്തനം നടത്തിയത്.

ശ്രീനാരായണപുരത്ത് റോഡിന് കുറുകെ നിന്ന ഇലട്രിക്ക് പോസ്റ്റുകളും മതിലും തകർത്ത് കടപുഴകി വീണ കൂറ്റൻ ചെമ്പക മരം ഫയർഫോഴ്‌സ് മുറിച്ച് നീക്കുന്നു.