തലയോലപ്പറമ്പ്: മുളക്കുളം വളപ്പിപ്പടിയ്ക്ക് സമീപം ഇന്നലെ രാവിലെ സ്‌കൂട്ടർ ഇലട്രിക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ടത് കുടുംബത്തിന്റെ പ്രതീക്ഷകൾ. അപകടത്തിൽ നഷ്ടപ്പെട്ടത് ഒരു കുടുംബത്തിന്റെ അനന്തിരവനെയും അമ്മാവനെയും. പിറവം പാലച്ചുവട് കാവും കട്ടയിൽ കെ.ആർ.ബിനു (52), ഇറുമ്പയം തണ്ണിപ്പള്ളി മുണ്ടാനയിൽ മധുസൂദനന്റെ മകൻ അനന്തു മധു (22) എന്നിവർ കുടുംബങ്ങളുടെ പ്രതീക്ഷകളായിരുന്നു. മുത്തശ്ശി മരിച്ചതിന്റെ ഭാഗമായി ഇന്നലെ നടക്കേണ്ട അടിയന്തിര ചടങ്ങുകൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി പിറവം പാലച്ചുവട്ടിലെ അമ്മാവന്റെ വീട്ടിൽ പോയി തിരികെ അമ്മാവനെയും കൂട്ടി സ്‌കൂട്ടറിൽ വെള്ളൂർ ഇറുമ്പയത്തുള്ള കുടുംബ വീട്ടീലേക്ക് വരുകയായിരുന്നു അനന്തു. തിരികെ വരുന്ന വഴിയായിരുന്നു വിധി മരണത്തിന്റെ രൂപത്തിൽ എത്തിയത്. റോഡരികിലെ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് തെറിച്ച ഇരുവരെയും ഉടൻ പിറവത്തുള്ള സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറ്ററിംഗ് ജോലികൾ നടത്തിയും കൃഷിപ്പണി ചെയ്തുമാണ് ബിനു ഭാര്യയും ഏകമകളുമടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്. എറണാകുളത്തുള്ള സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ ഇടയാണ് അനന്തു ജോലിക്കായി പ്രവേശിച്ചത്. വിദേശത്ത് നിന്നും തിരികെ എത്തിയ പിതാവും അമ്മയും ഏക സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു യുവാവ്. ബിനുവിന്റെ സംസ്‌ക്കാരം ഇന്നലെ വൈകിട്ട് 4പാലച്ചുവട്ടിലെ വീട്ടുവളപ്പിലും അനന്തുവിന്റെ സംസ്‌ക്കാരം ഇറുമ്പയത്തെ വീട്ടുവളപ്പിൽ വൈകിട്ട് 7നും നടത്തി.