ചിങ്ങവനം : കനത്ത മഴയിൽ നിന്ന് രക്ഷപ്പെടാൻ ടാർപ്പോളിൻ വലിച്ചുകെട്ടി അതിന് താഴെ തണുത്തുവിറച്ച് ഒരു ആശുപത്രി. പനച്ചിക്കാട് പാറക്കുളത്തുള്ള മൃഗാശുപത്രിയുടെ ദുരവസ്ഥയാണിത്. മൃഗങ്ങൾക്ക് നല്ല കൂടുണ്ടെങ്കിലും ആശുപത്രിയുടെ സ്ഥിതി പരിതാപകരമാണ്.
1963 ൽ ആരംഭിച്ച ആശുപത്രിയാണിത്. അരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നുകഴിഞ്ഞു. പട്ടികകളും ഉത്തരവുമെല്ലാം കാലപ്പഴക്കം കൊണ്ട് ദ്രവിച്ച അസ്ഥയാണ്. ഓടുകൾ തകർന്നു വീഴുകയും കാലവർഷം ശക്തിപ്രാപിക്കുകയും ചെയ്തതോടെ
ആശുപത്രി അധികൃതർ താല്ക്കാലിക സംവിധാനമെന്ന നിലയിൽ ടാർപ്പോളിൻ വലിച്ചുകെട്ടിയിരിക്കുകയാണ്. രണ്ടാഴ്ചമുന്പാണ് ഇത് കെട്ടിയത്.
ഒരു ചെറിയ മഴ പെയ്താൽ മതി ആശുപത്രി വരാന്തയും മുറികളുമെല്ലാം വെള്ളം കൊണ്ട് നിറയും. ദിവസേന നിരവധി ആളുകളാണ് പശുവിനും ആടിനും മറ്റ് നാൽക്കാലികൾക്കുമായി ഇവിടെ ചികിത്സ തേടിയെത്തുന്നത്.
കാലപ്പഴക്കത്താൽ ജീർണ്ണിച്ച് മഴയത്ത് ചോർന്നൊലിക്കുന്ന ഈ ആശുപത്രികെട്ടിടത്തിൽ ജീവൻപണയം വച്ചാണ് ജീവനക്കാർ ജോലിചെയ്യുന്നത്. കെട്ടിടത്തിന്റെ പലഭാഗങ്ങളും ഇടിഞ്ഞുവീഴാൻ തുടങ്ങിയിട്ടുണ്ട്. ഒരു ഡോക്ടറും
സഹായിയുമടക്കം അഞ്ച് ജീവനക്കാരാണ് ഇവിടെയുള്ളത്. പനച്ചിക്കാട് പഞ്ചായത്തിനാണ് ആശുപത്രിയുടെ ചുമതല. അതേസമയം, ആശുപത്രി നവീകരണത്തിനായി പഞ്ചായത്തിൽ നിന്ന് നാല് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ, എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ആശുപത്രി അധികൃതർക്ക് ഉറപ്പ് നൽകിയിരിക്കുകയാണ്. ഈ ഉറപ്പിൽ വിശ്വസിച്ചാണ് ആശുപത്രിയുടെ ഇപ്പോഴുള്ള പോക്ക്. ആ ഉറപ്പ് നടപ്പാകുമോ അതോ കീറച്ചാക്കാകുമോ എന്ന് കാത്തിരുന്ന് കണേണ്ടതാണ്.