കോട്ടയം : ദേ..ഒരു നോക്കുകുത്തി. ഷീ ടോയ് ലെറ്റുകളുടെ കാര്യത്തിൽ ഇതായിരുന്നു അടുത്ത കാലം വരെയുള്ള അടക്കംപറച്ചിൽ. പക്ഷേ ഷീ ടോയ് ലെറ്റുകളുടെ ദുർവിധിയും നഗരത്തിലെത്തുന്ന സ്ത്രീകളുടെ ദുരിതവും ഇതോടെ അവസാനിക്കുകയാണ്. കോട്ടയം നഗരത്തിലെ ഷീടോയ്‌ലെറ്റുകൾ 29ന് തുറക്കുമെന്ന് നഗരസഭാ അധികൃതർ പ്രഖ്യാപിച്ചു കഴിഞ്ഞു.
വനിതകളുടെ കൂട്ടുകാരി എന്ന പേരിലാണ് ഷീടോയ്ലെറ്റുകൾ തയാറാക്കിയത്. എന്നാൽ സ്ത്രീകൾക്ക് ഒരിക്കൽ പോലും ഉപകാരപ്പെട്ടില്ല. നിർമ്മാണം പൂർത്തീകരിച്ചെങ്കിലും പല കാരണങ്ങളാൽ തുറന്നു കൊടുത്തില്ല. ദിവസേന ആയിരക്കണക്കിന് വനിതകളാണ് നഗരത്തിൽ വന്നുപോകുന്നത്. എന്നാൽ ഇവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ നിലവിൽ നഗരത്തിൽ യാതൊരുവിധ സംവിധാനങ്ങളുമില്ല. സ്ത്രീകൾക്കുവേണ്ടി മാത്രം നിർമ്മിച്ച ഷീ ടോയ് ലെറ്റുകൾ ഇനി ഇതിനൊരു പരിഹാരമാകും.
ചെലവ് 25 ലക്ഷം
നഗരസഭയുടെ വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ടോയ്ലെറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. തിരുനക്കര മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡ്, പഴയപൊലീസ് സ്റ്റേഷൻ മൈതാനം എന്നിവിടങ്ങളിലാണ് ഷീ ടോയ് ലെറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ടോയ് ലെറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്. റാംപ് ഉൾപ്പെടെയുള്ളവ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതിയും വെള്ളവും ലഭ്യമാകാനുള്ള കാലതാമസമാണ് വൈകാൻ കാരണമായി അധികൃതർ പറഞ്ഞിരുന്നത്. പിന്നീട് ഇവ രണ്ടും ലഭിച്ചെങ്കിലും വീണ്ടും വഴിമുടക്കിയായി വെള്ളം ടാങ്കിലേക്കു കയറുന്നില്ല എന്ന പുതിയ പ്രശ്നം ഉടലെടുത്തു. പ്രശ്നപരിഹാരമായി രണ്ടു മോട്ടോറുകൾ സ്ഥാപിക്കാനാണ് തീരുമാനം.