prk

ചങ്ങനാശേരി: ഒരു കാടിന് സമാനം. നഗരസഭ പാർക്കിലേക്ക് നോക്കിയാൽ അങ്ങനെയേ തോന്നൂ... ഇപ്പോൾ ഇഴജന്തുക്കൾ പാർക്കുകയാണ് ഈ പാർക്കിൽ. വർഷങ്ങൾക്കുമുമ്പ് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്ത പാർക്കാണ് നാശത്തിലേക്ക് നീങ്ങുന്നത്. കുട്ടികൾക്കായി സ്ഥാപിച്ച റൈഡുകൾ എല്ലാം തുരുമ്പെടുത്ത നിലയിലാണ്. പാർക്കിൽ മുമ്പ് നിരവധി തണൽ മരങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ ഭൂരിഭാഗവും കടപുഴകിയ നിലയിലാണ്. ഇവയുടെ അവശിഷ്ടങ്ങൾ പോലും നീക്കം ചെയ്തിട്ടില്ല. ആരും തിരിഞ്ഞുനോക്കാൻ ഇല്ലാതെ വന്നതോടെ സാമൂഹ്യവിരുദ്ധരും ഇവിടം താവളമാക്കി. തണൽ മരത്തിനായി നിർമ്മിച്ച സംരക്ഷണഭിത്തിയിൽ ഭൂരിഭാഗവും തകർന്ന നിലയിലാണ്.

നഗരസഭ കാണുന്നില്ലേ...

നിലവിൽ പാർക്കിലാകെ പുല്ല് വളർന്നു നിൽക്കുകയാണ്. ഇത് വെട്ടിനീക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാൽ പല തവണ പരാതി ഉയർന്നിട്ടും മുനിസിപ്പൽ അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. ഇപ്പോൾ ചുരുക്കം ചില ആളുകൾ മാത്രമാണ് പാർക്കിലെത്തുന്നത്. നഗരസഭയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിലവിൽ പാർക്കിന്റെ പ്രവർത്തനങ്ങൾ.