tree

ചങ്ങനാശേരി: റോഡരികിൽ തണൽ വിരിച്ചുനിന്നിരുന്ന മരത്തെ ഇപ്പോൾ അപശകുനത്തെപ്പോലെയാണ് വിദ്യാർത്ഥികളും നാട്ടുകാരും കാണുന്നത്. കുരിശുംമൂടിനു സമീപം വാഴൂർ റോഡിൽ മീഡിയാവില്ലേജിന് സമീപത്തെ തണൽമരം ഇപ്പോൾ നാട്ടുകാർക്ക് അപകടമരമാണ്. പടർന്ന് പന്തലിച്ച് നിൽക്കുന്ന ബദാം മരത്തിന്റെ തലപ്പുകളാണ് അപകടം വിതയ്ക്കുന്നത്.

ഇതിന്റെ ശിഖരങ്ങൾ തൊട്ട് മുകളിലൂടെ കടന്നു പോകുന്ന 11 കെ.വി ലൈനിലും അതിനു താഴെക്കുടി പോകുന്ന സ്ട്രീറ്റ് ലൈനിലും പടർന്ന് കയറിയ നിലയിലാണ് മരത്തിന്റെ നിൽപ്പ്. പച്ച മരത്തിൽ വൈദ്യുതി പ്രവാഹിക്കുമെന്നറിയാതെ ആരെങ്കിലും തൊട്ടാൽ ഷോക്കടിച്ച് തെറിച്ചുവീഴുമെന്ന് അറിയാമായിരുന്നിട്ടും വൈദ്യുതി ബോർഡോ , വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് അഅധികൃതരോ മരം വെട്ടിമാറ്റാൻ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അത്യാഹിതം ഉണ്ടായാൽ മാത്രമേ നടപടിയുള്ളു എന്ന അധികൃതരുടെ നയത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്. തണൽ മരങ്ങൾക്ക് പിന്നിൽ അനധികൃത പാർക്കിംഗ് ആണ് ലക്ഷ്യമെന്നും അവർ ആരോപിക്കുന്നു.

മീഡിയ വില്ലേജിന്റെ കവാടത്തിനരികിലാണ് മരം നിൽക്കുന്നത്. അതിനാൽ, ഇവിടത്തെ അനധികൃത വാഹന പാർക്കിംഗ് കുരുക്കായി മാറുകയാണ്.

മഴക്കാലമായതോടെ വൈദ്യുതി പ്രവാഹം കൂടുതൽ അപകടകരമായ നിലയിലാണെന്നത് വിദ്യാത്ഥികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. റോഡിലേക്ക് നീണ്ടു വളർന്നു നിൽക്കുന്ന മരത്തിന്റെ ശിഖിരങ്ങൾ വാഹനങ്ങളിൽ മുട്ടാതിരിക്കാൻ റോഡിന്റെ എതിർഭാഗത്തേക്ക് നീങ്ങി സഞ്ചരിക്കുന്നത് മറ്റു വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ വൃക്ഷങ്ങൾ നട്ടുപ്പിടിക്കുന്നുണ്ട്. ഇത് പ്രധാന ജംഗ്ഷനുകളിൽ ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. അതിനാൽ മരം വെട്ടിമാറ്റുകയോ ശിഖരങ്ങൾ വെട്ടിയൊതുക്കുകയോ വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.