ആലപ്പുഴ : ഓണവിപണിയിൽ 'തടിച്ചു കൊഴുക്കാൻ' ബ്‌ളേഡ് മാഫിയ രംഗത്ത്. കുട്ടനാട്ടിലും ആലപ്പുഴയിലും. ചെറുകിട വ്യാപാരികളെയും ഓണക്കച്ചവടക്കാരെയും ഉന്നമിട്ട് ബ്‌ളേഡ് മാഫിയയുടെ ഏജന്റുമാർ വട്ടമിട്ട് പറക്കുകയാണ്. എറണാകുളം കേന്ദ്രമാക്കിയുള്ള മാഫിയകളാണ് കഴുകൻകണ്ണുകളുമായി എത്തിയിരിക്കുന്നത്.അതേസമയം ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. പ്രളയത്തെ തുടർന്ന് ജില്ലയിലെ കച്ചവടമേഖല മാന്ദ്യത്തിലാണ്. കച്ചവടക്കാർക്ക് ഓണവിപണിയിൽ സജീവമാവാൻ പണം ഇറക്കാനില്ല. ബാങ്കുകളെ സമീപിച്ചാലും കൈമലർത്തുകയാണ് പതിവ്. ഇതാണ് കച്ചവടക്കാരും മറ്റും ബ്ലേഡുകാരെ ആശ്രയിക്കാൻ ഒരു കാരണം. ഇങ്ങനെയുള്ള അവസ്ഥയിലാണ് ബ്ലേഡുമാഫിയ ലക്ഷങ്ങളടങ്ങുന്ന ബാഗും തോളിലിട്ട് റോന്തുചുറ്റുന്നത്. മലയാളികളും അന്യസംസ്ഥാനക്കാരും ബ്‌ളേഡ് സംഘത്തിലുണ്ട്. ഏജന്റുമാരെ ഉപയോഗിച്ചാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. കടം കൊടുക്കുന്ന പണത്തിനനുസരിച്ച് കമ്മിഷൻ കിട്ടുന്നതിനാൽ വ്യാപാരികളെക്കൊണ്ട് വലിയ തുക പലിശക്കെടുപ്പിക്കാനാണ് ഇടനിലക്കാരുടെ ശ്രമം. പ്രളയത്തോടെ പാപ്പരായ ചെറുകിട കച്ചവടക്കാർ ചോദിക്കുന്ന പലിശയ്ക്ക് പണം വാങ്ങുകയാണ്. ഓണക്കാലത്തെ കച്ചവടം കൊണ്ട് പലിശയും മുതലും തിരിച്ചടച്ച് പത്തു രൂപ സ്വരൂപിക്കാമെന്ന ചിന്തയിലാണ് ചെറുകിട കച്ചവടക്കാർ. കഴുത്തറപ്പൻ പലിശക്കാണ് പണം കൈപ്പറ്റുന്നത്. ഈടിനായി ചെക്ക് ലീഫുകൾ മുതൽ ആർ.സി.ബുക്ക് വരെയാണ് നല്കുന്നത്. ചിലർ വസ്തുവിന്റെ ആധാരവും ഈടായി നല്കുന്നുണ്ട്. ഇത്തരക്കാർക്ക് കിടപ്പാടം നഷ്ടപ്പെടാൻ സാധ്യതയേറെയാണ്.
ബ്‌ളേഡ് മാഫിയ സംഘങ്ങളെ കുടുക്കാൻ പൊലീസും അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളും ഓണവിപണി ലക്ഷ്യമാക്കി കേരളത്തിൽ തമ്പടിച്ചിട്ടുണ്ട്. ഗഡുക്കളായി തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. തവണകളുടെ എണ്ണം കൂടുന്തോറും പലിശയും ഇരട്ടിക്കും. തവണ മുടങ്ങിയാലും പലിശ ഇരട്ടിയാകും.


ചിട്ടിയിൽ തട്ടിപ്പ്


ചിട്ടി നടത്തിപ്പിന്റെ പേരിൽ തട്ടിപ്പ് സംഘങ്ങൾ പെരുകിയതോടെ ജില്ലയിൽ പൊലീസ് ശക്തമായി രംഗത്തുണ്ട്. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിനുവേണ്ടി പ്രത്യേക വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര ചിട്ടി നിയമപ്രകാരം (1982) മുൻകൂർ അനുമതി ലഭിക്കാത്ത ചിട്ടികളിൽ ആരും ചേരരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു. ചിട്ടി നടത്തിപ്പുകാർ തരുന്ന പാസ് ബുക്കിൽ ചിട്ടി രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാർ ഓഫിസിന്റെ സീൽ പതിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. സംശയമുള്ളവർ പാസ് ബുക്ക് അതതു സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കിയാൽ ചിട്ടിയുടെ നിയമ സാധുത സംബന്ധിച്ചു വ്യക്തത ലഭിക്കും. നിയമപ്രകാരം അല്ലാത്ത ചിട്ടി കമ്പനികൾ ജില്ലയിൽ പല ഭാഗങ്ങളിലും വ്യാപകമാണെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നു

.

........

'' നിലവിൽ ജില്ലയിൽ ബ്ലേഡു സംഘങ്ങളെപ്പറ്റിയുള്ള പരാതികൾ വളരെ കുറവാണ്. മുൻ വർഷങ്ങളിൽ ഓപ്പറേഷൻ കുബേര വഴി ഇത്തരം സംഘങ്ങളെ തുടച്ച് നീക്കിയിരുന്നു.

(പൊലീസ് വിഭാഗം)