കോട്ടയം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്യുന്നത് കോട്ടയത്താണെങ്കിലും, പകർച്ചവ്യാധി ബാധിച്ചതോടെ രക്തത്തിന് വൻ ക്ഷാമം. ബ്ലഡ് ബാങ്കിലടക്കം എല്ലാ ഗ്രൂപ്പിലുമുള്ള രക്തത്തിന് ക്ഷാമമായതോടെ രോഗികൾ നെട്ടോട്ടത്തിലാണ്. രണ്ടാഴ്ചയിലേറെയായി ജില്ലയിൽ രോഗികൾക്ക് കൃത്യ സമയത്ത് രക്തം ലഭിക്കാത്ത സാഹചര്യമാണുള്ളത്. സന്നദ്ധ സംഘടനകളും സമൂഹമാദ്ധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ നിന്നുമാണ് പ്രധാനമായും രക്തം തേടിയിരുന്നത്. രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴും തയ്യാറാകുന്നവരുടെ എണ്ണം കുറവാണ്. ഇതിന് പുറമെയാണ് പലർക്കും പനി അടക്കം ബാധിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകളുടെ എണ്ണം കൂടിയതോടെ വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന രോഗികൾ ബുദ്ധിമുട്ടുകയാണ്. മറ്റ് ആവശ്യത്തിന് മുൻകൂട്ടി പറഞ്ഞ് വയ്ക്കുന്ന രോഗികൾക്കുള്ള രക്തം അടിയന്തിര ഘട്ടത്തിൽ മാറ്റിക്കൊടുക്കേണ്ട അവസ്ഥയാണ്.

ദാതാക്കൾ കൂടുന്നില്ല
സോഷ്യൽ മീഡിയയിലൂടെ സജീവമായ ജില്ലയിലെ രക്തദാതാക്കളുടെ ഗ്രൂപ്പിൽ അയ്യായിരം അംഗങ്ങളുണ്ടെങ്കിലും പതിവായി ദാനം ചെയ്യുന്നവർ 40 പേർ മാത്രമാണ്. കൊടുക്കുന്നവർ തന്നെ വീണ്ടും ദാനം ചെയ്യുകയാണ്. സൗന്ദര്യം കുറയും, ആരോഗ്യം പോകും തുടങ്ങിയ തെറ്റിദ്ധാരണകൾ മൂലം പുതുതലമുറ രക്തദാനത്തോട് വിമുഖത കാട്ടുകയാണ്. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കൂടുതലായി നടക്കുന്ന തിങ്കൾ, വ്യാഴം ശനി ദിവസങ്ങളിൽ എത്രകിട്ടിയാലും തികയാത്ത അവസ്ഥയാണ്.

ശേഖരിച്ചത് 15901 യൂണിറ്റ് രക്തം

കഴിഞ്ഞ സാമ്പത്തിക വർഷം 15901 യൂണിറ്റ് രക്തമാണ് ജില്ലയിൽ നിന്ന് ശേഖരിച്ചത്. ഇതിൽ 14416 യൂണിറ്റും സന്നദ്ധ ദാനത്തിലൂടെ ലഭിച്ചതാണ്. 13414 യൂണിറ്റ് രക്തം പുരുഷൻമാരും 192 യൂണിറ്റ് രക്തം സ്ത്രീകളും സന്നദ്ധദാനത്തിലൂടെ നൽകി.

ഗുണങ്ങളേറെ

രക്തം ദാനം ചെയ്യുന്നതോടൊപ്പം രോഗനിർണയം കൂടി നടക്കുന്നു

 പതിവായി ദാനം ചെയ്യുന്നവർക്ക് കൊളസ്ട്രോൾ കുറയും

 ഇരുമ്പിന്റെ അംശം അടിഞ്ഞു കൂടുന്നത് ഒഴിവാക്കാം

ഭയം വേണ്ട

'' രക്തദാനത്തെപ്പറ്റിയുള്ള ഭയം ഇപ്പോഴും യുവാക്കൾക്കിടയിലുണ്ട്. സൗന്ദര്യം പോകും ആരോഗ്യത്തിന് ഹാനികരം തുടങ്ങിയ തെറ്റിദ്ധാരണകൾ യുവാക്കളെ വേട്ടയാടുന്നുണ്ട്. വർഷത്തിൽ നാല് തവണയെങ്കിലും രക്തം കൊടുക്കാം'

'- ഡോ. ജേക്കബ് വറുഗീസ്, ഡി.എം.ഒ

എല്ലാ ഗ്രൂപ്പിനും നെട്ടോട്ടം
പണ്ട് നെഗറ്റീവ് ഗ്രൂപ്പുകൾക്ക് മാത്രമായിരുന്നു ഡിമാൻഡെങ്കിലും ഇപ്പോൾ ഒരു ഗ്രൂപ്പും കിട്ടാനില്ല. കഴിഞ്ഞ ദിവസം ഒ പോസിറ്റീവ് ഗ്രൂപ്പുള്ളയാളെ വരെ കണ്ടെത്താൻ പാടുപെട്ടു.

'' ജോമോൻ, ബ്ലഡ് ഡോണേഴ്‌സ് കേരള