അടിമാലി: മൾട്ടിറൂട്ട് ജാതി തൈകളിലൂടെ വിജയം കൈവരിച്ച ഗോപി ചെറുകുന്നേലിന്റെ ജാതി ഫാം കാണാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നേരിട്ടെത്തി. അദ്ദേഹം ഒരു മണിക്കൂറോളം ഗോപിയുടെ ജാതി ഫാമിൽ ചിലവെഴിച്ചതിനു ശേഷമാണ് മടങ്ങിയത്. നാടൻ ജാതി മരങ്ങളും കാട്ടുജാതി മരങ്ങളും ഗ്രാഫ്‌റ്റ് ചെയ്ത് ഒന്നാക്കി വളർത്തിയെടുത്ത ശേഷം മേൽത്തരം അത്യുത്പാദന ശേഷിയുള്ള മുകളം ബഡ് ചെയ്ത് ഉത്പാദിപ്പിച്ച് ജാതി കർഷകരിൽ എത്തിക്കുകയാണ് ഗോപി ചെയ്യുന്നത്. ജാതിമരം കാറ്റിൽ കടപുഴകി വീഴുന്നതിന് പ്രതിവിധിയാണ് മൾട്ടി റൂട്ട് ജാതി തൈകൾ. കഴിഞ്ഞ 10 വർഷമായി ഗോപി സ്വയം വികസിപ്പിച്ചെടുത്തതാണ് മൾട്ടി റൂട്ട് എന്ന ആശയം. അഞ്ചു വർഷത്തെ പരിചരണത്തിനു ശേഷമാണ് തൈകൾ വിൽപ്പനയ്ക്കായി തയ്യാറാക്കുക. ഫാം അദ്ഭുതമാണെന്ന് സന്ദർശനശേഷം മന്ത്രി പറഞ്ഞു. കൃഷി വകുപ്പിന്റെയോ കാർഷിക സർവകലാശാലയുടെയോ മറ്റ് ഏജൻസികളുടെയോ സഹായമൊന്നുമില്ലാതെ ശാസ്ത്രീയമായി ഫാമും നഴ്‌സറിയും പരിപാലിക്കുന്ന ഗോപിയെ മന്ത്രി അഭിനന്ദിച്ചു. സംസ്ഥാന കൃഷിവകുപ്പ് ഗോപിക്ക് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നൽകി.