കോട്ടയം : മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ അരമണിക്കൂറിന്റെ ഇടവേളയിൽ നടത്തിയ മോഷണത്തിൽ രണ്ടു വീട്ടമ്മമാർക്ക് 13000 രൂപയും കമ്മലും മോതിരവും നഷ്‌ടമായി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മീനടത്തു നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ വീട്ടമ്മയാണ് ആദ്യം മോഷണത്തിന് ഇരയായത്. 12,000 രൂപയും, മോതിരവും എ.ടി.എം കാർഡും, ബാങ്ക് പാസ് ബുക്കുമാണ് ഇവരുടെ പഴ്‌സിനുള്ളിലുണ്ടായിരുന്നത്. മെഡിക്കൽ കോളേജ് സ്റ്റാൻഡിൽ ഇറങ്ങിയ ശേഷം ആശുപത്രിയിലേയ്‌ക്ക് നടക്കുന്നതിനിടെയാണ് പഴ്‌സ് മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്. ബാഗിന്റെ സിബ് തുറന്ന നിലയിലായിരുന്നു. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. കോട്ടയം നഗരത്തിൽ നിന്ന് മകൾക്കും കുഞ്ഞിനുമൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് എത്തിയ വീട്ടമ്മയാണ് മോഷണത്തിന് ഇരയായത്. ഇവരുടെ ബാഗിനുള്ളിലാണ് പഴ്‌സ് സൂക്ഷിച്ചിരുന്നത്. ഇതിൽ ആയിരം രൂപയും, കമ്മലും, എ.ടി.എം കാർഡുമുണ്ടായിരുന്നു.
തിരക്കില്ലാത്ത ബസിൽ നാടോടി സംഘം
തിരക്കില്ലാത്ത സ്വകാര്യ ബസുകളിൽ മോഷണം നടത്താൻ പരിശീലനം ലഭിച്ച തമിഴ് നാടോടി സംഘം ജില്ലയിൽ എത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. തിരക്കേറിയ ബസുകളിൽ കയറി മോഷണം നടത്തിയിരുന്ന സംഘങ്ങളെ ബസ് ജീവനക്കാർ കൃത്യമായി തിരിച്ചറിയുകയും, മോഷണം കൈയോടെ പിടിക്കുകയും ചെയ്‌തതോടെയാണ് തിരക്ക് കുറഞ്ഞ ബസുകളിൽ മോഷണം നടത്താൻ സംഘം പദ്ധതി തയ്യാറാക്കിയത്. അശ്രദ്ധമായി ഇരിക്കുന്നവരാണ് ഇത്തരക്കാരുടെ ഇര. സ്‌കൂൾ തുറന്നതിന് ശേഷം ജില്ലയിൽ 12 സ്ഥലത്താണ് സമാന രീതിയിൽ മോഷണം നടന്നത്.
ശ്രദ്ധിക്കണം